
തലശേരി: സ്വാഭാവികമായുണ്ടായ സാങ്കേതികത്തകരാറിൽ വരണാധികാരിക്ക് വിവേചനാധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കാമായിരുന്നെന്ന് തലശേരിയിൽ ബി.ജെ.പി ടിക്കറ്റിൽ പത്രിക സമർപ്പിച്ച എൻ. ഹരിദാസ് പറഞ്ഞു. മറ്റാരുടെയും ഭാഗത്തുനിന്ന് എതിരഭിപ്രായമുണ്ടാകാത്ത സാഹചര്യത്തിൽ എല്ലാരേഖകളും ഹാജരാക്കി സുപ്രീം കോടതിയെ സമീപിക്കും.
വരണാധികാരിയുടെ പ്രവൃത്തി നിയമപരമല്ലെന്നും ദേശീയ പ്രസിഡന്റിന്റെ ഒപ്പ് രേഖപ്പെടുത്താൻ വിട്ടുപോയെന്ന സാങ്കേതിക കാരണം പറഞ്ഞാണ് പത്രിക തള്ളിയതെന്നും ഹരിദാസന് വേണ്ടി ഹാജരായ അഭിഭാഷകരിലൊരാളായ അംബികാസുതൻ പറഞ്ഞു.
തെറ്റ് എന്താണെന്ന് വരണാധികാരി നിയമപരമായി അറിയിച്ചിരുന്നില്ല. ഡൗൺലോഡ് ചെയ്ത് കോപ്പി സ്വീകരിച്ചെങ്കിലും ഫോറം ബിയിൽ കൊടുത്ത രേഖയിൽ ദിവസവും സമയവും വരണാധികാരി രേഖപ്പെടുത്തിയിട്ടില്ല. എന്താണ് തിരുത്തേണ്ടതെന്ന് കാണിച്ച് നിയമപരമായി നോട്ടീസും നൽകിയിട്ടില്ല. മുൻധാരണയോടെയാണ് വരണാധികാരി പ്രവർത്തിച്ചതെന്നതിനാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അഡ്വ. അംബികാസുതൻ പറഞ്ഞു