ചെറുവത്തൂർ: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിനിരയായവർ കാലിക്കടവിൽ ഉപവാസ സമരം ആരംഭിച്ചു. ഫാഷൻ ഗോൾഡ് എം.ഡി പൂക്കോയ തങ്ങളെ അറസ്റ്റ് ചെയ്യുക, കമ്പനി ആസ്തികൾ അനധികൃതമായി കൈക്കലാക്കിയ ഡയറക്ടർമാരെ കേസിൽ പ്രതി ചേർക്കുക, സർക്കാർ നിയമ സഹായം ലഭ്യമാക്കി നിക്ഷേപ തുക തിരിച്ചു കിട്ടാനുളള ഇടപെടൽ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിക്ഷേപകർ സമരമാരംഭിച്ചിരിക്കുന്നത്. കാലിക്കടവ് ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ഉപവാസസമരം. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും നിക്ഷേപകരും സമരവേദിയിലെത്തി.
മഞ്ചേശ്വരം എം.എൽ.എ. എം.സി. ഖമറുദ്ദീൻ, ചന്തേരയിലെ ടി.കെ.പുക്കോയ തങ്ങൾ എന്നിവരുടെെ നേതൃത്വത്തിൽ 150 കോടിയോളം രൂപ ശേഖരിക്കുകയും, അത് തിരിച്ചുനൽകാതിരിക്കുകയും ചെയ്തതതോടെയാണ് നിക്ഷേപകർ നിയമ നടപടിയുമായിി പൊലീസിനെ സമീപിച്ചത്. സംഭവമുമായി ബന്ധപ്പെട്ട് ഖമറുദ്ദിൻ മാസങ്ങളോളം ജയിലിലാാവുകയും, തുടർന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ ഈ കേസിലെ പ്രധാന പ്രതിയായ ടി.കെ.പുക്കോയ തങ്ങളെ അറസ്റ്റു ചെയ്യാൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ തുടർന്നാാണ് നിക്ഷേപകർ സമരരംഗത്തിറങ്ങിയത്. ഇന്നലെ നടന്ന ധർണാ സമരത്തിൽ ടി.നസീർ, സൈനുദ്ദീൻ, രവീന്ദ്രൻ മാണിയാട്ട്, എ.ജി.ബഷീർ, എം.ഭാസ്ക്കരൻ, നവീൻ ബാബു എന്നിവർ സംസാരിച്ചു.