
കണ്ണൂർ: മുന്നണികളെ മാറിമാറി വരിച്ച ചരിത്രമുള്ള അഴീക്കോട് ഇക്കുറിയും കടുത്ത പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിർത്താൻ യു.ഡി.എഫും രണ്ടുതവണയായി കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും പതിനെട്ടടവുകളും പയറ്റുമ്പോൾ പരമാവധി വോട്ട് സമാഹരിച്ച് നേട്ടം കൊയ്യാൻ എൻ.ഡി.എയും മുന്നിൽ തന്നെയുണ്ട്.
ജനസ്വീകാര്യത കണക്കിലെടുത്ത് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിനെയാണ് എൽ.ഡി.എഫ് ഇക്കുറി അഴീക്കോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ അവ്യക്തകളുണ്ടായിരുന്നെങ്കിലും സിറ്റിംഗ് എം.എൽ.എ ഷാജി തന്നെയാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർത്ഥി . ബി.ജെ.പിക്കായി മത്സരിക്കുന്നത് മുൻ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്താണ്.
മണ്ഡലത്തിലെ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് ചുമതല പി. ജയരാജനാണ്. സർക്കാറിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ഇവിടെ എൽ.ഡി.എഫ് പ്രചാരണം. മണ്ഡലത്തിലെ മുസ്ലിം ലീഗിലെ ആഭ്യന്തര പ്രശ്നം, കെ.എം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്, അനധികൃത സ്വത്ത് സമ്പാദന ആരോപണം തുടങ്ങിയ ഘടകങ്ങൾ ഇത്തവണ അനുകൂലമാവുമെന്നുമാണ് എൽ.ഡി.എഫ് വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ പലരുടെയും പേര് ഉയർന്നുവെങ്കിലും മൂന്നാം തവണയും കെ.എം. ഷാജിക്ക് തന്നെ യു.ഡി.എഫിൽ നറുക്കു വീഴുകയായിരുന്നു. ഷാജിക്ക് ഇത്തവണ മണ്ഡലത്തിൽ ആത്മവിശ്വാസമില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.
എന്നാൽ അഴീക്കോട് ഷാജി തന്നെ ജയിച്ചുവരുമെന്നാണ് യു.ഡി.എഫ് വാദം. 2011ൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.എൽ.എ എം. പ്രകാശനെ 493 വോട്ടുകൾക്കാണ് കെ.എം. ഷാജി പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ നിന്നും വിജയിക്കുന്ന സി.പി.എമ്മുകാരനല്ലാത്ത രണ്ടാമത്തെ നേതാവായിരുന്നു കെ.എം ഷാജി. 1987ൽ സി.എം.പി രൂപീകരിച്ച എം.വി രാഘവനാണ് ആദ്യത്തേയാൾ. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 2287 വോട്ടിനാണ് ഷാജി എം.വി.നികേഷ് കുമാറിനെ തോൽപ്പിച്ചത്.
കഴിഞ്ഞ തിരഞ്ഞടുപ്പിൽ ബി.ജെപി.ക്കായി മത്സരിച്ച എ.വി. കേശവൻ മണ്ഡലത്തിൽ നിന്നും നേടിയത് 12580 വോട്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 10,065 ആയി ഇടിഞ്ഞു. ബി.ജെ.പി ഇത്തവണ മണ്ഡലത്തിൽ പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാവും.