ചെറുപുഴ: വേനൽ മഴയോടൊപ്പമുണ്ടായ കനത്ത കാറ്റിൽ വൻ നാശ നഷ്‌ടം. തെങ്ങ്, കമുക്, റബ്ബർ എന്നിവ ഒടിഞ്ഞ് വീണ് വീടുകളും, തൊഴുത്തും തകർന്നു. പ്രാപ്പോയിൽ, ചൂരപ്പടവ്, ചുണ്ട, വിളക്കുവട്ടം, പുളിങ്ങോം, കോഴിച്ചാൽ എന്നിവിടങ്ങളിലാണ് നാശനഷ്‌ടമുണ്ടായത്. ചുണ്ട വിളക്കുവട്ടത്തെ മൊട്ടക്കവീട്ടിൽ ചെറിയയുടെ വീടിന് മുകളിൽ തെങ്ങ് വീണ് വീട് തകർന്നു. ഊമലയിലെ മാങ്കോട്ടിൽ ജോസിന്റെ വീടിന് മുകളിൽ കമുക് ഒടിഞ്ഞ് വീണ് ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. ചൂരപ്പടവിലെ തട്ടുപറമ്പിൽ സാവിത്രിയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു.
കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിയിലെ തമ്പില്ലത്ത് കമലാദേവിയുടെ തൊഴുത്തിനും ആട്ടിൻ കൂടിനും മുകളിൽ കർണ്ണാടക ഫോറസ്‌റ്റിലെ കൂറ്റൻ മരം വീണു. തൊഴുത്തും ആട്ടിൻ കൂടും കോഴിക്കൂടും പൂർണ്ണമായും തകർന്നു. വളർത്തു മൃഗങ്ങൾക്ക് പരിക്കേറ്റു. നാട്ടുകാരെത്തിയാണ് മരങ്ങൾ വെട്ടിമാറ്റി വളർത്തു മൃഗങ്ങളെ രക്ഷപെടുത്തിയത്.
ചുണ്ടയിലെ കർച്ചേരി തമ്പാൻ, ചന്തേര കിഴക്കേവീട്ടിൽ സാവിത്രി, ദാമോദരൻ, കണ്ണൻ പണിക്കർ, എൻ.കെ. തമ്പാൻ എന്നിവരുടെ കാർഷിക വിളകൾ നശിച്ചു. ചുണ്ട- വിളക്ക്‌വട്ടം റോഡിലെ വൈദ്യുതി ലൈനിൽ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു. പ്രാപ്പോയിൽ- ചൂരപ്പടവ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോലുവള്ളിയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിൽ മരം വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. മലയോര ഹൈവേയുടെ മഞ്ഞക്കാട്- പെരിങ്ങാല ഭാഗങ്ങളിൽ റോഡിലേയ്ക്ക് മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ബന്ധവും തടസപ്പെട്ടു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടർ, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ എന്നിവർ നാശനഷ്‌ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.കഴിഞ്ഞ് ദിവസമുണ്ടായ വേനൽ മഴയിലും കാറ്റിലും കൊല്ലാട ഭാഗത്തും വൻ തോതിൽ കാർഷിക വിളകൾ നശിച്ചിരുന്നു.