
ഇരിക്കൂർ :സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള കോൺഗ്രസിലെ തീയും പുകയും ഇനിയും അടങ്ങിയിട്ടില്ല. പുറമെ ശാന്തമെന്നു തോന്നുണ്ടെങ്കിലും ഉള്ളിലെവിടെയോ ഒരു കൊടുങ്കാറ്റ് ഒളിപ്പിച്ചതു പോലെയാണ് ഇരിക്കൂറിന്റെ മനസ്. എക്കാലവും യു.ഡി. എഫിനൊപ്പം നിന്ന മണ്ഡലമെന്ന നിലയിൽ ചെറിയ കൈപ്പിഴയിൽ കൈവിട്ടു പോകുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ് കോൺഗ്രസിന്.യു.ഡി. എഫ് സ്ഥാനാർത്ഥിയായി അഡ്വ. സജീവ് ജോസഫും എൽ.ഡി. എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ സജി കുറ്റ്യാനിമറ്റവും തമ്മിലാണ് പ്രധാന മത്സരം. എൻ.ഡി. എ സ്ഥാനാർത്ഥിയായി ആനിയമ്മ രാജേന്ദ്രനും രംഗത്തുണ്ട്.
96ൽ പേരാവൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.പി നൂറുദ്ദീനെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ ശേഷം മാറ്റി എ.ഡി. മുസ്തഫയെ സ്ഥാനാർത്ഥിയാക്കി
ജയിപ്പിച്ച ചരിത്രമുണ്ട് ഇവിടത്തെ കോൺഗ്രസിന്. ഇക്കുറി ഉണ്ടായ പ്രശ്നത്തിന് ഗുരുതരസ്വഭാവമുണ്ടെന്നാണ് സത്യം. നേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പെ ചേരിതിരിഞ്ഞ് രാപ്പകൽ സമരവും പ്രതിഷേധ പ്രകടനവും പോസ്റ്റർ പ്രചരണവും കൈയാങ്കളിയുമൊക്കെ നടന്നു. ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം നടന്ന യു.ഡി. എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥിയുടെ വിജയത്തിനായി ഘോരഘോരം പ്രസംഗിച്ചവർ തന്നെ അടിയൊന്നും തീർന്നില്ലെന്നും പ്രശ്നങ്ങൾ പരിഹരിച്ചില്ലെന്നുമാണ് പുറത്തിറങ്ങിയപ്പോൾ പറഞ്ഞത്.
1982 മുതൽ ഇരിക്കൂറിലെ എം.എൽ.എയായ കെ.സി ജോസഫ് മാസങ്ങൾക്ക് മുമ്പെ ഇക്കുറി ഈ സീറ്റിൽ മത്സര രംഗത്തുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇവിടെ പ്രശ്നങ്ങളുടെ തുടക്കം. 2016ലെ തിരഞ്ഞെടുപ്പിൽ പാർട്ടി ദേശീയ നേതൃത്വം സജീവ് ജോസഫിനെ ഇരിക്കൂറിലേക്ക് പരിഗണിച്ചതാണ്. സോണി സെബാസ്റ്റ്യൻ സ്ഥാനാർത്ഥിയാവുമെന്ന് കരുതിയ എ വിഭാഗത്തിന് ഇടിത്തീപോലെയാണ് അഡ്വ. സജീവ് ജോസഫിന്റെ പേര് എത്തിയത്. പ്രതിഷേധം കടുത്തെങ്കിലും ഹൈക്കമാൻഡ് കുലുങ്ങിയില്ല.
മുൻ തിരഞ്ഞെടുപ്പുകളിൽ പ്രചാരണരംഗത്ത് ഒപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് എം നേതാവ് സജി കുറ്റിയാനിമറ്റം രംഗത്തിറങ്ങുമ്പോൾ യു.ഡി. എഫിനു നേരിയ പരിഭ്രമമുണ്ടെന്നതാണ് സത്യം.എന്നാലും അതിനെ അതിജീവിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്.
യു.ഡി. എഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭയും ഇരിക്കൂർ, ആലക്കോട്, ഏരുവേശ്ശി, ഉളിക്കൽ പഞ്ചായത്തുകളും എൽ.ഡി.എഫ് പഞ്ചായത്തുകളായ ഉദയഗിരി,ചെങ്ങളായി, പയ്യാവൂർ, നടുവിൽ എന്നിവ ഉൾപ്പെട്ടതാണ് ഇരിക്കൂർ മണ്ഡലം. നാല് പതിറ്റാണ്ടിന് ശേഷമാണ് യു.ഡി. എഫിൽ നിന്ന് നടുവിൽ പഞ്ചായത്ത് എൽ.ഡി. എഫ് പിടിച്ചത്. ആലക്കോട് പഞ്ചായത്തിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി. എഫ് ഭരണം.
1976 ൽ നടന്ന മണ്ഡല പുനർനിർണയത്തിന്‌ശേഷമാണ് ഇരിക്കൂർ യു.ഡി.എഫിന്റെ കുത്തകയായത്. 1982 മുതൽ തുടങ്ങിയ കെ.സി.ജോസഫിന്റെ തേരോട്ടം അവസാനിപ്പിക്കാൻ ജെയിംസ് മാത്യു ഉൾപ്പെടെയുള്ള നേതാക്കളെ ഇടതുപക്ഷം കളത്തിലിറക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
2016ൽ 9647 വോട്ടിനാണ് കെ.സി.ജോസഫ് സി.പി.ഐയിലെ കെ.ടി.ജോസിനെ തോൽപ്പിച്ചത്. അതിന് മുമ്പ് 1982മുതൽ 2016 വരെയുള്ള എട്ട് തിരഞ്ഞെടുപ്പുകളിലാണ് കെ.സി.ജോസഫ് ഇരിക്കൂറിൽ നിന്ന് നിയമസഭയിലെത്തിയത്.