
നീലേശ്വരം (കാസർകോട്): അടിയന്തരാവസ്ഥയ്ക്കുശേഷം 1977ൽ സി.പി. എം ആസ്ഥാനം കൊൽക്കത്തയിൽ നിന്നു ഡൽഹിയിലേക്ക് മാറ്റി. സി.പി.എമ്മിലെ കരുത്തനായ ബി.ടി. രണദിവെയുടെ സഹായിയായിരുന്നു അന്ന് യെച്ചൂരി. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ച യെച്ചൂരിയിലെ നേതാവിനെ കണ്ടെത്തി വളർത്തിയത് സാക്ഷാൽ ഇ.എം.എസ്.
ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാവാൻ ഇ.എം.എസ് മത്സരിച്ച നീലേശ്വരത്ത് എത്തുമ്പോൾ ശിഷ്യന്റെ ഓർമ്മകൾ പിന്നോട്ട് പായുകയാണ്. ഇ.എം.എസ് എന്ന ആ വലിയ മനുഷ്യൻ തന്നോട് പരിഗണന കാണിച്ചിരുന്നില്ലെങ്കിൽ തന്റെ പ്രവർത്തന മണ്ഡലം മറ്റൊന്നായേനെ എന്ന് യെച്ചൂരിയുടെ തുറന്നുപറച്ചിൽ.
ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത യെച്ചൂരി തിരഞ്ഞെടുപ്പിന്റെ നയങ്ങളും നിലപാടും നിർണയിക്കുന്നതിൽ എന്നും നായകസ്ഥാനത്താണ്.
കാസർകോട്, കണ്ണൂർ ജില്ലകളിലായി മൂന്നു പരിപാടികളിൽ പങ്കെടുക്കാനെത്തിയതാണ്. മംഗളുരുവിൽ വിമാനമിറങ്ങി പടന്നക്കാട് കാർഷിക കോളേജിലെ റസ്റ്റ് ഹൗസിൽ അര മണിക്കൂർ വിശ്രമം. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ, ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.രാജഗോപാലൻ എം.എൽ.എ എന്നിവർ സ്വീകരിക്കാനും കൂട്ടിക്കൊണ്ടുപോകാനും റസ്റ്റ് ഹൗസിൽ എത്തിയിരുന്നു.
ഇന്നോവ കാർ നീലേശ്വരം ടൗണിലേക്ക്. ബാന്റ് വാദ്യത്തിന്റെയും നൂറുകണക്കിനു പ്രവർത്തകരുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിൽ രാജാസ് സ്കൂളിലെ വേദിയിലേക്ക്.
മുഖ്യമന്ത്രി പിണറായിയെ കുറിച്ച് മാദ്ധ്യമപ്രവർത്തകൻ എ.വി. അനിൽകുമാർ രചിച്ച ക്യാപ്റ്റൻ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം. പ്രിയപ്പെട്ട നാട്ടുകാരെ, സഖാക്കളെ.. എനിക്ക് മലയാളം അറിയില്ല. തെലുങ്കാണ് മാതൃഭാഷ, ഞാൻ ഇംഗ്ളീഷിൽ പ്രസംഗിക്കും. പരിഭാഷയുണ്ടാകും. മലയാളത്തിലുള്ള മുഖവുര കേട്ടതോടെ ജനം ആവേശത്തിലായി.
ഇ.എം.എസിന്റെ ആദ്യ മണ്ഡലമെന്ന നിലയിൽ നീലേശ്വരത്തിന് ഏറെ പ്രത്യേകതകളുണ്ടെന്ന ഓർമ്മപ്പെടുത്തലുമായി തുടങ്ങിയ പ്രസംഗം പതുക്കെ വിശ്വാസത്തിലേക്ക് കത്തിക്കയറി. ഇടതുപക്ഷ വ്യക്തികളുടെ വിശ്വാസവും അതിനുള്ള അവകാശവും പൂർണമായി സംരക്ഷിക്കാൻ സി.പിഎമ്മും എൽ.ഡി.എഫ് സർക്കാരും പ്രതിജ്ഞാബദ്ധമാണ്.
ജനകീയ പ്രശ്നങ്ങളിൽ നിന്നും കേരള സർക്കാരിന്റെ ജനക്ഷേമ, വികസന പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിട്ട് മുതലെടുപ്പ് നടത്താനാണു കോൺഗ്രസും ബി.ജെ.പിയും ചേർന്നു അനാവശ്യ വിവാദം ഉണ്ടാക്കുന്നത്. ഇടതുമുന്നണിയുടെ വിജയമാഘോഷിക്കാൻ താൻ വീണ്ടും വരുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഫോട്ടോ സെഷൻ.എ.കെ.ജിയുടെ മകളും പി.കരുണാകരന്റെ ഭാര്യയുമായ ലൈലയും വനിതാ ബാന്റ് വാദ്യസംഘവും യെച്ചൂരിയുടെ കൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.വിജിൻ മത്സരിക്കുന്ന കല്യാശേരിയിൽ ഉൾപ്പെട്ട പഴയങ്ങാടിയിലാണ് കണ്ണൂർ ജില്ലയിലെ ആദ്യപരിപാടി. പിന്നീട്, ഇരിക്കൂറിലെ ശ്രീകണ്ഠപുരത്ത് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥി സജി കുറ്റ്യാനിമറ്റത്തിന് വോട്ട് ചോദിച്ച് മടങ്ങുമ്പോൾ സമയം ആറ് കഴിഞ്ഞു.