കാഞ്ഞങ്ങാട്: റെയിൽപാളത്തിന് മുകളിൽ ഗാർഡർ സ്ഥാപിക്കുന്നതിന് റെയിൽവേ സുരക്ഷാ കമ്മിഷന്റെ അനുമതി ലഭിച്ചതോടെ കോട്ടച്ചേരി ഓവർബ്രിഡ്ജ് നിർമ്മാണത്തിലെ അവസാനകടമ്പയും മറികടന്നു. ബംഗളൂരു ആസ്ഥാനമായുള്ള സുരക്ഷാ കമ്മിഷന്റെ അനുമതിക്കായി നേരത്തെ നൽകിയ അപേക്ഷ തള്ളിയതിനെത്തുടർന്ന് രണ്ടാഴ്ച മുമ്പാണ് പുതുക്കിയ അപേക്ഷ നൽകിയത്.
ജില്ലാ കളക്ടറുടെ അനുമതി കൂടി ലഭിക്കുന്നതോടെ ഗർഡർ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങാൻ കഴിയും. എറണാകുളത്തെ റെയിൽവേ കരാറുകാരൻ വർഗീസിനാണ് ഗാർഡറുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല.
തൃശ്ശിനാപ്പള്ളിയിലെ റെയിൽവേ ഫാക്ടറിയിൽ പണി പൂർത്തിയാക്കിയ ഗാർഡറുകൾ കൂറ്റൻ ട്രെയിലറുകളിൽ കാഞ്ഞങ്ങാട്ടെത്തിച്ച് നട്ടും ബോൾട്ടും ഘടിപ്പിക്കുന്ന പണി പൂർത്തിയാക്കുന്നതിനിടയിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നത്. ഇതേത്തുടർന്ന് നിർത്തിവച്ച പണി പുനരാരംഭിച്ചപ്പോൾ സുരക്ഷ കമ്മിഷൻ അനുമതിക്കായുള്ള കടമ്പ കടക്കേണ്ടി വന്നു. മാസങ്ങളായി കാത്തിരിക്കുന്ന സുരക്ഷാ കമ്മിഷൻ അനുമതിയാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. .
ഓവർബ്രിഡ്ജിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡിന്റെ പ്രവൃത്തിയും പൂർത്തിയായി വരുന്നുണ്ട്. 2018 ഏപ്രിൽ 14 നാണ്.മേൽപ്പാലത്തിനു തറക്കല്ലിട്ടത്. 2019 ഡിസംബറിൽ പണി പൂർത്തീകരിക്കുമെന്നായിരുന്നു അന്നത്തെ ഉറപ്പ്. എന്നാൽ രണ്ടു വർഷം വൈകി ഈ വർഷം ഡിസംബർ ആകുമ്പോഴേക്കും പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനാകുമെന്നാണ് കരുതുന്നത്.