
കണ്ണൂർ:തലശേരിയിലെ ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതോടെ എല്ലാവർക്കും അറിയേണ്ടത് ഒറ്റ കാര്യമാണ്. ബി.ജെ.പിയുമായുള്ള ഡീൽ ആരുടെതായിരിക്കും ?
പത്രിക തള്ളിയതിനെതിരായ കേസ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിയതിൽ പ്രതീക്ഷയുണ്ടെന്ന് ബി.ജെ.പി നേതൃത്വം പറയുമ്പോഴും, കോടതി അത് ശരിവച്ചാൽ എന്ത് സംഭവിക്കുമെന്നാണ് അറിയേണ്ടത്.
ബി.ജെ.പിയുടെ പത്രിക തള്ളിയത് കണ്ട് ആരും മനഃപായസം ഉണ്ണേണ്ടെന്നും കോടതി വിധി അനുകൂലമല്ലെങ്കിൽ അപ്പോൾ തങ്ങളുടെ വോട്ടർമാർക്ക് ആവശ്യമായ സന്ദേശം നൽകുമെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. അങ്ങനെ വന്നാൽ ബി. ജെ. പി വോട്ടുകൾ ഏതു പെട്ടിയിൽ വീഴും?
സിറ്റിംഗ് എം. എൽ. എ എ. എൻ. ഷംസീറാണ് എൽ.ഡി. എഫ് സ്ഥാനാർത്ഥി. യു.ഡി. എഫിന് എം.പി. അരവിന്ദാക്ഷനും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിന്റെ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ 34,117വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ. എൻ. ഷംസീർ വിജയിച്ചത്.
ജില്ലയിൽ ബി. ജെ. പിക്ക് ശക്തമായ സ്വാധീനമുള്ള തലശേരിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 22,125 വോട്ട് നേടിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ട് സീറ്റ് നേടിയ ബി. ജെ. പി തലശേരി നഗരസഭയിൽ പ്രധാന പ്രതിപക്ഷവുമാണ്. ഇത്തവണ പാർട്ടി ജില്ലാ പ്രസിഡന്റിനെ തന്നെ സ്ഥാനാർത്ഥിയാക്കി സാക്ഷാൽ അമിത് ഷായെ പ്രചാരണത്തിനിറക്കി മത്സരം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബി.ജെ.പി. അമിത് ഷായുടെ ജില്ലയിലെ പരിപാടി തലശേരിയിൽ 25ന് നിശ്ചയിച്ചിരിക്കയാണ്. കേന്ദ്രമന്ത്രി വി. മുരളീധരൻ, ബി.ജെ. പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുടെ ജന്മനാട് കൂടിയായ തലശേരിയിൽ ജയത്തിൽ കുറഞ്ഞൊരു ലക്ഷ്യവും ഇല്ലെന്ന മട്ടിലാണ് ബി. ജെ. പി നീങ്ങിയിരുന്നത്. അതിനിടെ പത്രിക തള്ളിയത് അണികളെ അമ്പരപ്പിച്ചിട്ടുണ്ട്.
പത്രിക തള്ളിയതോടെ വോട്ട് കച്ചവട ആരോപണവുമായി ഇരുമുന്നണികളും രംഗത്തെത്തി. കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയാണ് ഇതു വ്യക്തമാക്കുന്നതെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി.ജയരാജനും സി.പി. എം - ബി.ജെ.പി ഒത്തുകളിയാണ് പത്രിക തള്ളിയതിനു പിന്നിലെന്നു ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സതീശൻ പാച്ചേനിയും പ്രതികരിച്ചു.
പഴയ കോ - ലീ - ബി സഖ്യം കാണിച്ചാണ് യു.ഡി. എഫിനെതിരെ സി.പി. എം ആഞ്ഞടിക്കുന്നത്. അതിന്റെ ആവർത്തനമാണ് പത്രിക തള്ളലിനു പിന്നിലെന്നാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മന്ത്രി കെ. കെ. ശൈലജ പ്രതികരിച്ചത്. ഇരുപത്തിരണ്ടായിരത്തോളം വോട്ട് പാഴാകില്ലെന്ന് ബി.ജെ..പി നേതൃത്വം ഉറപ്പ് പറയുമ്പോഴും ഈ ഡീൽ ആർക്ക് അനുകൂലമാകുമെന്നതാണ് നെഞ്ചിടിപ്പ് കൂട്ടുന്നത്.