election

കാസർകോട്:1977 മുതൽ മുസ്ലിംലീഗിന്റെ ഉരുക്കുകോട്ടയാണ് അറബിക്കടലും കർണാടകയും ചന്ദ്രഗിരിപ്പുഴയും അതിരിടുന്ന കാസർകോട് നിയോജകമണ്ഡലം. സിറ്റിംഗ് എം.എൽ.എ എൻ.എ നെല്ലിക്കുന്നിന് കാസർകോട്ട് ഇക്കുറി മൂന്നാം അങ്കമാണ്. അട്ടിമറി പ്രതീക്ഷയുമായി ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് എൻ.ഡി.എ സ്ഥാനാർത്ഥിയായും എൽ.ഡി.എഫിനായി ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫും ശക്തമായ പ്രചാരണത്തിലാണ്.

മണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങൾക്കും സഹായം എത്തിച്ചതും കിഫ്ബി വഴി കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതും എടുത്തുപറഞ്ഞാണ് നെല്ലിക്കുന്ന് വോട്ട് ചോദിക്കുന്നത്.കൂട്ടത്തിൽ ഇടതുസർക്കാർ മണ്ഡലത്തെ അവഗണിച്ചെന്ന പരാതിയും നെല്ലിക്കുന്ന് വോട്ടർമാർക്ക് മുന്നിൽ ഉന്നയിക്കുന്നുണ്ട്. കാസർകോട്ട് സുപരിചിതനായ അഡ്വ. കെ. ശ്രീകാന്ത് മണ്ഡലത്തിന്റെ മുക്കിലും മൂലയിലുമെത്തി ശക്തമായ പോരാട്ടം കാഴ്ചവെക്കുന്നുണ്ട്. മുൻ ജില്ലാപഞ്ചായത്ത് ഭരണസമിതിയിൽ എടനീർ ഡിവിഷനിൽ നിന്നുള്ള അംഗമെന്ന നിലയിലും ശ്രീകാന്ത് സുപരിചിതനാണ്. സംസ്ഥാന സർക്കാരിനെതിരെയുള്ള ആരോപണങ്ങളും മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥയും ശ്രീകാന്ത് പ്രചാരണ വിഷയമാക്കുന്നു. കാലങ്ങളായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന എൽ.ഡി.എഫ് ഇക്കുറി കാര്യങ്ങൾ മാറിമറിയുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രചാരണ രംഗത്തുള്ളത്. ബി ജെ പിയുടെ ന്യുനപക്ഷ വിരുദ്ധ, ഫാസിസ്റ്റ് നിലപാടുകൾ തുറന്നുകാണിച്ചും എൽ.ഡി. എഫ് സർക്കാർ നടപ്പിലാക്കിയ കോടികളുടെ വികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ചും തന്നെയാണ് ലത്തീഫ് വോട്ട് പിടിക്കുന്നത്. ലീഗിലെ നെഗറ്റീവ് വോട്ടുകൾ ഇത്തവണ തന്നെ തുണക്കുമെന്നാണ് ലത്തീഫ് പറയുന്നത്. മഞ്ചേശ്വരം നിയോജകമണ്ഡലത്തെ പ്രതിനിധികരിച്ച എം.സി.ഖമറുദ്ദീന്റെ ഫാഷൻ ഗോൾഡ് തട്ടിപ്പും ഇവിടെ പ്രചാരണ വിഷയമാണ്.

കാൽ നൂറ്റാണ്ട് കാലം സി.ടി അഹമ്മദലി എം.എൽ.എയും 1991 ൽ മന്ത്രിയുമായിരുന്ന മണ്ഡലത്തിൽ 2016 ൽ 8607 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻ.എ. നെല്ലിക്കുന്ന് വിജയിച്ചത്. 2011 ലും ഇദ്ദേഹം തന്നെയായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി.1996ലും 2006ലും ഇടതുസ്ഥാനാർഥിയായി ജനവിധി തേടിയ എൻ.എ. നെല്ലിക്കുന്ന് പിന്നീട് ലീഗിൽ ചേരുകയായിരുന്നു. കർണാടക സമിതിയും കോൺഗ്രസും വേറിട്ട് മത്സരിച്ച് മണ്ഡലം പ്രതിനിധാനം ചെയ്ത ചരിത്രം യു.ഡി.എഫ് സംവിധാനത്തിലൂടെ തിരുത്തിയാണ് മുസ്ലിംലീഗിന്റെ വെന്നിക്കൊടി. 1977ൽ ടി.എ. ഇബ്രാഹിമാണ് കാസർകോട് നിന്നുള്ള ആദ്യ മുസ്ലിം ലീഗ് എം.എൽ.എ. മണ്ഡലത്തിലെ കാസർകോട് മുൻസിപ്പാലിറ്റി, ബദിയടുക്ക, ചെങ്കള , മൊഗ്രാൽ പുത്തൂർ, കുമ്പഡാജെ ഗ്രാമ പഞ്ചായത്തുകൾ യു.ഡി.എഫിനാണ്. ബെള്ളൂർ, മധൂർ, കാറഡുക്ക പഞ്ചായത്തുകൾ ബി.ജെ.പി ഭരണത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ ആകെ വോട്ടിൽ രണ്ടാംസ്ഥാനം ഉണ്ടെങ്കിലും എൽ.ഡി.എഫിന് മണ്ഡലത്തിൽ ഒരു പഞ്ചായത്തിലും നിലവിൽ ഭരണമില്ലെന്നതും ശ്രദ്ധേയമാണ്.