traffic
കഴിഞ്ഞദിവസം തലപ്പാടിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ തടഞ്ഞപ്പോൾ

കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ജനവിധി തേടുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയത്തെ ബാധിക്കുമെന്ന വിമർശനത്തെ തുടർന്ന് തലപ്പാടിയിൽ യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമെന്ന നിലപാട് കർണ്ണാടക മാറ്റി.

മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ബഹുഭൂരിപക്ഷം പേരും കാലങ്ങളായി മംഗളൂരുവിനെയും കർണാടകയിലെ ചെറുടൗണുകളെയുമാണ് ആശ്രയിച്ചിരുന്നത്. ജോലി, പഠനം, ചികിത്സ തുടങ്ങിയവയെല്ലാം കർണാടകയിലാണ് ഇവർക്ക്. ദിവസവും പോയിവരുന്ന ഇവരെ കൊവിഡ് വ്യാപനം തടയാനെന്ന പേരിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അതിർത്തിയിൽ തടഞ്ഞിരുന്നു. മലയാളി യാത്രക്കാരുടെ വാഹനങ്ങളും ബസുകളും തലപ്പാടിയിൽ തടഞ്ഞ സംഭവം വിവാദമായപ്പോഴും നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും കടത്തിവിടില്ലെന്നായിരുന്നു കർണാടകയുടെ നിലപാട്. പ്രതിഷേധം വ്യാപകമായതിനെ തുടർന്ന് നിലപാടിൽ അയവ് വരുത്തിയെങ്കിലും ശനിയാഴ്ച മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന മുന്നറിയിപ്പ് നൽകിയിടത്തു നിന്നാണ് ബി.ജെ.പി കേരളാഘടകത്തിന്റെ ഇടപെടലുണ്ടായത്.

ഇതോടെ കർണ്ണാടക സർക്കാർ വഴങ്ങി. പിന്നീട് അതിർത്തികളിൽ യാതൊരു പരിശോധനയുമുണ്ടായില്ല. ആർ.ടി പി സി ആർ പരിശോധന നിർബന്ധമാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സുബ്ബയ്യ റൈ കർണാടക ഹൈക്കോടതിയിൽ ഹരജി പുതുക്കി നൽകിയിരുന്നു. നേരത്തെ ഹരജി പരിഗണിച്ചപ്പോഴെല്ലാം സർക്കാരിനെ കോടതി വിമർശിച്ചിരുന്നുവെങ്കിലും നിലപാടിൽ അയവുവരുത്താൻ കർണാടക സർക്കാർ തയ്യാറായിരുന്നില്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലായിരുന്നു കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം അതിർത്തി കടത്തിവിട്ടാൽ മതിയെന്ന് കർണാടകം തീരുമാനമെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ശനിയാഴ്ച മുതൽ പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്. എന്നാൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ബി.ജെ.പിയുടെ സാദ്ധ്യത പരിഗണിച്ച് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതിർത്തിയിൽ പരിശോധന വേണ്ടെന്ന നിലപാടിലേക്ക് അവർ മാറുകയായിരുന്നു.