കാസർകോട്: നിയമസഭ തിരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങൾക്കുമായി ജില്ലയിൽ 2256 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും. 10 ഡിവൈ.എസ്.പിമാർ, 23 പൊലീസ് ഇൻസ്‌പെക്ടർമാർ, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 241 ഉദ്യോഗസ്ഥർ, 1982 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവർ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവിന്റെ നിർദേശ പ്രകാരം അതത് മേഖലകളിൽ മേൽനോട്ടം വഹിക്കും. പോളിംഗ് ബൂത്തുകളിലെ സേവനങ്ങൾക്കായി 975 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെയും നിയോഗിക്കും. സൈന്യത്തിൽ നിന്നും പൊലീസിൽ നിന്നും വിരമിച്ചവർ, 18 വയസ് പൂർത്തിയായ സ്‌പെഷ്യൽ പൊലീസ് കേഡറ്റുമാർ, എൻ.സി.സി കേഡറ്റുകൾ എന്നിവരെയാണ് പോളിംഗ് ബൂത്തുകളിൽ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിക്കുന്നത്. എക്‌സൈസ്, വിജിലൻസ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോർ വാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസിനൊപ്പം ചുമതലകളിലുണ്ടാകും.