udf

സോണി സെബാസ്റ്റ്യൻ വിട്ടുനിന്നു

ശ്രീകണ്ഠപുരം: സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിനെ തുടർന്ന് തർക്കം രൂക്ഷമായ ഇരിക്കൂർ മണ്ഡലത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് എ വിഭാഗം നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ സോണി സെബാസ്റ്റ്യൻ വിട്ടുനിന്നെങ്കിലും മറ്റു എ വിഭാഗം നേതാക്കളും പ്രവർത്തകരും സംബന്ധിച്ചത് യു.ഡി.എഫിന് ആശ്വാസമായി. വ്യക്തിപരമായ കാരണങ്ങളാലാണ് കൺവൻഷനിൽ നിന്ന് വിട്ടുനിന്നതെന്ന് സോണി സെബാസ്റ്റ്യൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അഡ്വ. സജീവ് ജോസഫിന്റെ വിജയത്തിന് യു.ഡി.എഫ് ഇരിക്കൂറിൽ ഒരേ മനസ്സോടെയാണ് പ്രവർത്തിക്കുന്നതെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത കെ.സി ജോസഫ് എം.എൽ.എ. പറഞ്ഞു. കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പെന്നും യു.ഡി.എഫ് തിരിച്ചുവരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ജോസഫ് പറഞ്ഞു. ഇരിക്കൂർ മണ്ഡലത്തെ ബോധപൂർവം അവഗണിച്ച സർക്കാരായിരുന്നു പിണറായി വിജയന്റേത്. എന്നാൽ യു.ഡി.എഫ് കാലത്ത് നല്ലരീതിയിലുള്ള പിന്തുണ മണ്ഡലത്തിന് ലഭിച്ചിരുന്നു. ഇനിയും അത്തരത്തിലുള്ള പിന്തുണയ്ക്ക് യു.ഡി.എഫ് തന്നെ അധികാരത്തിൽ വരണമെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ.സി ജോസഫ് പറഞ്ഞു.

യു.ഡി.എഫ് ഇരിക്കൂർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തോമസ് വെക്കത്താനം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി.മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി സെക്രട്ടറി പി. മോഹനൻ, ഷമാ മുഹമ്മദ്, വി.കെ. അബ്ദുൾ ഖാദർ മൗലവി, വി.എ നാരായണൻ, സജീവ് മാറോളി, അഡ്വ. കെ.എ. ഫിലിപ്പ്, അഡ്വ. കരീം ചേലേരി, പി.ടി മാത്യു, അഡ്വ. ടി. മനോജ്കുമാർ, വർഗ്ഗീസ് വയലാമണ്ണിൽ, അഡ്വ. എസ്. മുഹമ്മദ്, സി.കെ മുഹമ്മദ്, പി.ടി അഷറഫ്, ഡോ. കെ.വി ഫിലോമിന, പി.ടി.എ കോയ, സാബു മണിമല തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

നിയോജക മണ്ഡലം കൺവീനർ സി.കെ. മുഹമ്മദ് സ്വാഗതവും യു.ഡി.എഫ് മണ്ഡലം ചെയർമാൻ ടി.എൻ.എ ഖാദർ നന്ദിയും പറഞ്ഞു. ടി.എൻ.എ ഖാദർ (ചെയർമാൻ), തോമസ് വക്കത്താനം (കൺവീനർ), എം.ഒ മാധവൻ (ട്രഷറർ) എന്നിവരടങ്ങുന്ന 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയും കൺവെൻഷനിൽ രൂപീകരിച്ചു.