ചെറുവത്തൂർ: കൊവിഡ് രണ്ടാം പൂരക്കാലത്തിന്റെയും നിറം കെടുത്തിയെങ്കിലും ഇത്തവണ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കഴകങ്ങളും ക്ഷേത്രങ്ങളും പൂരോത്സവം ചടങ്ങുകളായി നടത്തിവരികയാണ്. കാർത്തിക നാൾ തൊട്ട് പൂരം വരെയുള്ള ഒൻപത് നാളുകളിലായിട്ടാണ് പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂവിടൽ നടന്നു വരുന്നത്. എന്നാൽ ചില ക്ഷേത്രങ്ങളിൽ ഏഴ്, അഞ്ച് ദിനങ്ങളിലായി പൂരോത്സവം ക്രമപ്പെടുത്തിയിട്ടുമുണ്ട്. വ്രതശുദ്ധിയോടെയുള്ള കന്യകമാരാണ് പൂക്കുഞ്ഞുങ്ങൾ. നരയമ്പു, ചെമ്പകം, ചെക്കിപ്പൂ തുടങ്ങിയ പൂവുകൾ പൂവിടൽ ചടങ്ങിനായി ഉപയോഗിക്കുന്നു.
പൂരോത്സവത്തിന്റെ ഭാഗമായാണ് വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും കഴകങ്ങളിലുമൊക്കെയായി പൂരക്കളി മറത്തുകളി അരങ്ങേറുന്നത്. സാധാരണ പൂരക്കളിയുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും മറത്തു കളിയുണ്ടാക്കാറുണ്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ പല ക്ഷേത്രങ്ങളിലും എല്ലാം ചടങ്ങുകളിലായി ഒതുക്കുകയാണ്. 21നും 23 നുമായി കുഞ്ഞിമംഗലം അണീക്കര ക്ഷേത്രം മറത്തുകളി നടക്കും. കുഞ്ഞിമംഗലത്തെ പണിക്കർ ശശി കൊയങ്കരയാണ്. മറുഭാഗം ക്ഷേത്രമായ മല്ലിയോട്ട് ക്ഷേത്രത്തിലെ അണ്ടോൾ രാജേഷ് പണിക്കരും തമ്മിലാണ് മത്സരം. മറത്തുകളി നടക്കുന്ന പ്രധാനക്ഷേത്രങ്ങൾ: 23 ന് തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ നടക്കുന്ന മറത്തുകളിയിൽ ഒളവറ മുണ്ട്യട്യയെ പ്രതിനിധീകരിച്ച് സോമൻ പണിക്കരും കൂലേരി മുണ്ട്യയിലെ വിപിൻ പണിക്കരും പങ്കെടുക്കും. 25 ന് തുരുത്തിനിലമംഗലം കഴകത്തിലെ തെക്കരും വടക്കരും തമ്മിൽ മറത്തുകളിക്ക് എ.കെ. കുഞ്ഞിരാമൻ പണിക്കർ, വി. പ്രഭാകരൻ പണിക്കർ എന്നിവരാണ് വേദിയിലെത്തുന്നത്. കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രവും, മയ്യിച്ച -വെങ്ങാട്ട് ഭഗവതി ക്ഷേത്രവും തമ്മിലുള്ള മറത്തു കളിയിൽ 24, 26 തീയതികളിലായി കാനായി ദാസൻ പണിക്കർ, കുണിയൻ നാരായണൻ പണിക്കർ എന്നിവർ പങ്കെടുക്കും. 26 ന് പയ്യന്നൂർ തായിനേരി ക്ഷേത്രവും കുറിഞ്ഞി ക്ഷേത്രവും തമ്മിൽ മറത്തുകളി. കാടങ്കോട് എം. കുഞ്ഞികൃഷ്ണൻ പണിക്കർ, സന്തോഷ് കാനായി എന്നിവർ നയിക്കും. 27 നാണ് പൂരോത്സവത്തിന്റെ സമാപനം കുറിച്ചുള്ള പൂരംകുളി.