
ആലക്കോട് (കണ്ണൂർ):യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പിണറായി വിജയന് ജയിലറ ഉറപ്പാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. യു.ഡി.എഫ് ഇരിക്കൂർ നിയോജകമണ്ഡലം കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉളുപ്പില്ലായ്മയുടെ പ്രതീകമായി പിണറായി വിജയൻ മാറി. ഒരേസമയം ഒൻപത് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഒരു കൊള്ളക്കാരന്റെ ആസ്ഥാനമായി അഞ്ച് വർഷം മുഖ്യമന്ത്രിയുടെ ഓഫീസ് മാറി.ഓഖി ദുരന്തത്തിൽപ്പെട്ടവർക്കായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ഏത് കുടുംബത്തിനാണ് നൽകിയതെന്ന് സുധാകരൻ ചോദിച്ചു. തൊഴിലാളി വർഗ പാർട്ടിയുടെ പേരുപറഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തെത്തിയ പിണറായി വിജയന്റെ മകളുടെ കോടികളുടെ ആസ്തിയുള്ള ഐ.ടി സ്ഥാപനത്തിന്റെ മൂലധനം എവിടെനിന്നു ലഭിച്ചുവെന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ഇരിക്കൂറിൽ സജീവ് ജോസഫിന്റെ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.