തൃക്കരിപ്പൂർ: ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും നടക്കാവ് വരെയുള്ള വടക്കെ കൊവ്വൽ റോഡ് ടാറ് ചെയ്തു ഉയർത്തിയതോടെ വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസിലേക്കുള്ള വഴിയടക്കം നിരവധി കുടുംബങ്ങൾക്ക് അവരവരുടെ വീട്ടുപറമ്പിലേക്ക് കയറിയിറങ്ങാൻ തടസ്സം രൂപപ്പെട്ടു. ഉയർത്തി ടാർ ചെയ്ത റോഡിന്റെ അരികുകൾ പലയിടത്തും സമനിരപ്പുമായി വേണ്ട വിധത്തിൽ ക്രമപ്പെടുത്താത്തതാണ് നാട്ടുകാരുടെ പരാതിക്ക് കാരണം. ചില വീടുകളിലേക്ക് കയറിപ്പോകുന്ന ഗേറ്റ് ഭാഗത്തും ഇത്തരം അവസ്ഥയിലാണുള്ളത്. തൃക്കരിപ്പൂർ പഞ്ചായത്ത് ഓഫീസിന് തൊട്ടുപരിസരത്തുള്ള വില്ലേജാഫീസിന്റെ പ്രവേശന കവാടം വരെ ടാറിംഗ് പൂർത്തിയാക്കാത്തതിനാൽ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഉയർന്നു നിൽക്കുന്ന ഗേറ്റിലെ സ്ലാബിൽ മുതിർന്ന പൗരന്മാരടക്കം തട്ടി വീഴുന്നു.