
കുടുംബയോഗത്തിൽ പങ്കെടുത്ത് സദാനന്ദൻ
പാനൂർ: അഭിമാന പോരാട്ടം നടക്കുന്ന കൂത്തുപറമ്പ് മണ്ഡലത്തിൽ പ്രചാരണത്തിൽ ഒട്ടും പിറകിലാകരുതെന്ന വാശിയിലാണ് മൂന്നു മുന്നണികളിലെയും സ്ഥാനാർത്ഥികൾ. കഴിയുന്നത്ര വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് മൂവരുടെയും ശ്രമം.
എൽ.ഡി.എഫ് സ്ഥാനാർഥി കെ പി മോഹനൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ചത് പാട്യം ഗ്രാമ പഞ്ചായത്തിലെ 44ാം ബൂത്ത് കമ്മിറ്റിയുടെ സ്വീകരണ കേന്ദ്രമായ മൂഴിവയലിലെ ചിമ്മാലിമൊട്ടയിൽ വെച്ചായിരുന്നു. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ വോട്ടഭ്യർഥന നടത്തി കെ.പി മോഹനൻ സ്വീകരണ കേന്ദ്രത്തിലെത്തി. പ്രതിസന്ധിയേറെയുണ്ടായിട്ടും പാവങ്ങളെ നെഞ്ചോടുചേർത്ത് സംരക്ഷിച്ച പിണറായി സർക്കാറിന്റെ ഭരണ തുടർച്ചയ്ക്കു വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് മോഹനൻ പ്രസംഗമധ്യേ അഭ്യർത്ഥിച്ചു. തുടർന്ന് തൊട്ടടുത്ത സ്വീകരണ കേന്ദ്രമായ പത്തായക്കുന്നിലേക്ക്. ഈസ്റ്റ് വള്ള്യായി, വള്ള്യായി, മൊകേരി, ആറ്റുപുറം മാവിേലേരി, ചെണ്ടയാട് , കല്ലുവളപ്പിൽ തുടങ്ങിയ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയിരുന്നു. കെ.ഇ കുഞ്ഞബ്ദുള്ള, കെ.പി യൂസഫ്, രവീന്ദ്രൻ കുന്നോത്ത്, സുജിത്ത്കുമാർ, കെ.പി പ്രദീപ് കുമാർ, എൻ. രമേശ്, കെ. പ്രവീൺ എൻ ധനഞ്ജയൻ, കെ.
കുമാരൻ, ഒ.പി ഷീജ.തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി പൊട്ടങ്കണ്ടി അബ്ദുള്ള പാനൂർ ടൗണിലെ തന്റെ ഗുരുനാഥൻ പി.സി. രാഘവന്റെ വീട്ടിലെത്തി അനു
ഗ്രഹം വാങ്ങിയാണ് ഇന്നലെ പ്രചരണത്തിന് തുടക്കം കുറിച്ചത്. തൂവക്കുന്ന് ടൗണിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, തുടർന്ന് കുന്നോത്ത്പറമ്പ, കൈവേലിക്കൽ, വരപ്ര തുടങ്ങിയ കേന്ദ്രങ്ങളിൽ വോട്ടഭ്യർഥന. ഓരോ വോട്ടർമാരോടും
കൈകൂപ്പി രണ്ട് വാക്ക് മാത്രം "നിങ്ങളെന്നെ സഹായിക്കണേ" സ്ഥാനാർത്ഥിയെ ഓരോ കേന്ദ്രത്തിലും പ്രതീക്ഷിച്ച് ആവേശത്തേടെ
നിന്ന വോട്ടർമാർക്ക് പൂർണ്ണ സംതൃപ്തി. കെ.പി സാജു, പി.പി. ഹമീദ്, സി.വി.എ ജലീൽ, കെ.പി രാമചന്ദ്രൻ തുടങ്ങിയ നേതാക്കൾ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി സി. സദാനന്ദൻ പൂക്കോം ശിവക്ഷേത്രത്തിനരികിൽ ബലിദാനി എം.ടി.കെ.കരുണന്റെ സ്മൃതി മണ്ഡപത്തിൽ കാലത്ത് 9 മണിക്ക് പുഷ്പാർച്ചന നടത്തിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത്. തുടർന്നു നടന്ന കുടുംബയോഗത്തിൽ അധർമ്മത്തിന്റെ പ്രതീകങ്ങളായ രണ്ടു ശക്തികളോടാണ് നാം ഏറ്റുമുട്ടുന്നതെന്നും ആ പോരാട്ടത്തിൽ വിജയം നമുക്കുറപ്പാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകരിലെ അതൃപ്തി നമ്മുടെ വിജയത്തിനു കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് താലൂക്ക് കാര്യവാഹ് ജിഗീഷ്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വി.പി ഷാജി, ടി. രാജേശേഖരൻ, കെ.കെ. ധനഞ്ജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.