
കണ്ണൂർ: പത്രിക നൽകിയാൽ പിന്നെ സ്ഥാനാർത്ഥികൾ നേരെ ജനങ്ങളിലേക്ക് ഇറങ്ങുന്നു. എന്നാൽ പത്രികാ സമർപ്പണത്തിന് ശേഷം മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ചില സ്ഥാനാർത്ഥികളുണ്ട്. അവരെ വിളിക്കുന്ന പേരാണ് അപരന്മാർ. ഏതെങ്കിലും ഒരു സംഘം പ്രവർത്തകരുടെ അകമ്പടിയോടെ വന്ന് പത്രിക നൽകിയാൽ ഇവരെ പിന്നീട് ഫലമറിഞ്ഞ ശേഷമായിരിക്കും കാണുക.
പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ സംസ്ഥാനത്ത് ഏകദേശം മുന്നൂറോളം ' കരുത്തരായ' അപരന്മാർ നിലവിലുണ്ടെന്നാണ് കണക്ക്.
മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദര പത്രിക പിൻവലിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വില കൂടിയ അപരൻ മത്സരരംഗത്ത് നിന്ന് ഒഴിവായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയം തടഞ്ഞുനിർത്തി സംസ്ഥാനത്തെ ഏറ്റവും വിലപിടിപ്പുള്ള അപരനായി മാറിയ സ്ഥാനാർത്ഥിയാണ് കെ. സുന്ദര. സ്ഥാനാർഥിയെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതാണെന്നും ഞായറാഴ്ച അഭ്യൂഹങ്ങളുണ്ടായി. 'ഓപ്പറേഷൻ താമര'യിൽ കുരുങ്ങി കെ. സുന്ദര പത്രിക പിൻവലിച്ചതോടെയാണ് കെ. സുരേന്ദ്രന് ശ്വാസം നേരെ വീണത്.
താൻ ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായി സുന്ദര പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ചേശ്വരത്ത് മത്സരിച്ച കെ. സുന്ദര 467 വോട്ടുകളാണ് നേടിയത്.
കേവലം 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രൻ ലീഗിലെ പി.ബി. അബ്ദുൽറസാഖിനോട് പരാജയപ്പെട്ടത്. ഇത്തവണ സുന്ദര ബി.എസ്.പി. ടിക്കറ്റിൽ മത്സരിച്ചെങ്കിൽ അംഗീകൃത രാഷ്ട്രീയകക്ഷിയെന്ന നിലയിൽ അക്ഷരമാലാക്രമം വച്ചുനോക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിൽ സുരേന്ദ്രന്റെ പേരിന് മുകളിൽ സുന്ദരയുടെ പേര് സ്ഥാനം പിടിക്കുമെന്നതായിരുന്നു ബി.ജെ.പിയുടെ ആശങ്ക. സംസ്ഥാനത്തെ ഏറ്റവും അപകടകാരിയായ അപരനെന്ന വിശേഷണമാണ് ബി.ജെ.പി നേതാക്കൾ സുന്ദരയ്ക്ക് നൽകിയിരുന്നത്.
കെ.കെ. രമയ്ക്കെതിരെ നാല് രമമാർ
മറ്റൊരു കെ.കെ. രമ ഉൾപ്പെടെ വടകരയിൽ യു.ഡി.എഫ് പിന്തുണയിൽ മത്സരിക്കുന്ന ആർ.എം.പി.ഐ സ്ഥാനാർത്ഥി കെ.കെ.രമയ്ക്ക് നേരിടേണ്ടത് നാല് അപരൻമാരെ. നാല് രമമാരാണ് വടകരയിൽ നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതിൽ കെ.കെ.രമയ്ക്ക് അപരയായി മറ്റൊരു കെ.കെ.രമ തന്നെയുണ്ട് എന്നതാണ് ആർ.എം.പിക്കും യു.ഡി.എഫിനും വലിയ തലവേദനയുണ്ടാക്കുന്നത്. പി.കെ.രമ, കെ.ടി.കെ.രമ, എന്നീ പേരുകളുള്ള രണ്ടുപേരും സ്ഥാനാർഥികളാണ്.
വി.എം. സുധീരനെ മുട്ടുകുത്തിച്ച അപരൻ
കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയനായ അപരൻ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് വി.എം. സുധീരനെ മുട്ടുകുത്തിച്ച വി.എസ്. സുധീരനാണ്. ആലപ്പുഴ മണ്ഡലത്തിൽ വി.എം. സുധീരന്റെ അപരനായി മത്സരിച്ച വി.എസ്. സുധീരന് കിട്ടിയത് 8282 വോട്ടുകളായിരുന്നു. സുധീരൻ പരാജയപ്പെട്ടത് കേവലം 1009 വോട്ടുകൾക്ക്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി എട്ടായിരത്തോളം വോട്ടുകൾ അപരൻ നേടിയതോടെ സുധീരന്റെ പരാജയം ഉറപ്പാകുകയായിരുന്നു.