മട്ടന്നൂർ: കേരളത്തിൽ മറ്റൊരിടത്തും കാണാത്തതും ചരിത്രപ്രധാന്യമുള്ളതും അജന്താ, ഗുഹാ ചിത്രങ്ങളോട് സാമ്യമുള്ളതുമായ ക്ഷേത്ര ചുവർ ചിത്രങ്ങൾ കാണാനും, ചരിത്രപരമായ അവശേഷിപ്പുകൾ വിലയിരുത്തി ശാസ്ത്രീയമായി സംരക്ഷിക്കുന്നതിന്റെ മാർഗ്ഗങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രശസ്ത ആർക്കിയോളജിസ്റ്റും മുൻ പുരാവസ്തുവകുപ്പ് റീജിയണൽ ഡയറക്ടറും ചരിത്ര പണ്ഡിതനുമായ പത്മശ്രീ. കെ.കെ. മുഹമ്മദ് പരിയാരം ശ്രീ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രം സന്ദർശിച്ചു.
ഗ്വളിയോറിനടുത്തുള്ള വട്ടെശ്വർ ചമ്പൽ വാലിയിലെ അനവധി ക്ഷേത്രങ്ങൾ കൊള്ളക്കാരുടെ കൈകളിൽ നിന്നും മോചിപ്പിച്ചു പുനരുദ്ധരിച്ച തനിക്ക് വനനിഭിഢമായ ഈ ക്ഷേത്രം വിസ്മയം തീർക്കുന്നതായി അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെചുവർ ചിത്രങ്ങൾ കേരളത്തിലെ തന്നെ ഒരു ക്ഷേത്രത്തിലും കാണാൻ കഴിയില്ലെന്നും അജന്താ, ഗുഹാ ചിത്ര ശൈലിയുടെ മാതൃകയിലുള്ള ഈ ചിത്രങ്ങൾ എങ്ങിനെ മട്ടന്നൂർ പരിയാരം ശ്രീ സുബ്രഹ്മണ്യ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തി എന്നതിലും അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദുമായി ക്ഷേത്രത്തിൽ ചിത്രംവരച്ചവർക്കുണ്ടായിരുന്ന ആശ്ചര്യകരമായ ബന്ധത്തെ പറ്റി ആഴത്തിൽ പഠനം അനിവാര്യമാണെന്ന് അദ്ദേഹം വിലയിരുത്തി.
ക്ഷേത്ര പുനരുദ്ധാരണത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും അതിന്റ ആദ്യ പടിയായി ഒരു തുക കൈമാറുകയും ചെയ്തു. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.കെ. മുഹമ്മദിനെ പൊന്നാട അണിയിച്ചു. യുനസ്കോയുടെ മികച്ച കൺസർവഷൻ പ്രോജക്ടിനുള്ള അവാർഡ് രണ്ടുതവണ കരസ്ഥമാക്കിയ കൺസർവേഷൻ ആർക്കിടെക് അഞ്ജലിയുടെ പരിയാരം ക്ഷേത്രത്തെ കുറിച്ചുള്ള ശാസ്ത്രീയ പഠന നിരൂപണ അവലോകനവും പ്രസന്റേഷനും നടന്നു. മൂഷിക രാജവംശ കാലത്ത് നിർമ്മിക്കപ്പെടുകയും പിന്നീട് ചിറക്കൽ കോവിലകത്തിന്റെ സംരക്ഷണത്തിലായി മാറുകയും ചെയ്ത അതി പുരാതനമായ ക്ഷേത്രം തകർന്നുവീഴാതെ സംരക്ഷിക്കാനുള്ള ക്ഷേത്ര സേവാസമിതിയുടെ തീവ്രശ്രമത്തിന്റെ ഭാഗമായാണ് മുതിർന്ന പുരാവസ്തു സംഘം എത്തിച്ചേർന്നത്.