പഴയങ്ങാടി: പുതിയങ്ങാടി സുൽത്താൻ കനാൽ പാലത്തിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികരായ ചെറുതാഴം മണ്ടൂർ സ്വദേശികളായ ധീരജ് (19), വിനായക് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ടോടെയാണ് അപകടം. പുതിയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ടിപ്പർ ലോറിയും പഴയങ്ങാടി ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ടിപ്പർ ലോറി മറ്റൊരു വാഹനത്തെ മറികടന്നതാണ് അപകടത്തിന് കാരണം. ടിപ്പർ ലോറി ഡ്രൈവർ അപകട സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. പഴയങ്ങാടി പൊലീസ് സ്ഥലത്ത് എത്തി പരിക്കേറ്റ രണ്ട് പേരെയും ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.