കണ്ണൂർ: യു.ഡി.എഫിന്റെ പരാതി തള്ളി കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷ ചിഹ്നം രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നൽകരുതെന്നും ആദ്യം ചിഹ്നം ആവശ്യപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച പി.വി രാമചന്ദ്രന് നൽകണമെന്നുമായിരുന്നു യു.ഡി.എഫ് അഭിഭാഷകരുടെ ആവശ്യം. എന്നാൽ 1968 ലെ തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് സംബന്ധിച്ച നിയമ പ്രകാരം രജിസ്‌ട്രേഡ് പാർട്ടികൾക്ക് അവർ ആവശ്യപ്പെടുന്ന സ്വതന്ത്ര ചിഹ്നം അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ടെന്ന് രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. കോൺഗ്രസ് എസ് രജിസ്‌ട്രേഡ് പാർട്ടിയാണെന്നും അതുകൊണ്ട് ഓട്ടോറിക്ഷ അനുവദിക്കാമെന്നും റിട്ടേണിംഗ് ഓഫീസർ നിലപാട് അറിയിച്ചെങ്കിലും രജിസ്‌ട്രേഡ് പാർട്ടി എന്ന രേഖകൾ ഹാജരാക്കിയില്ലെന്ന് യു.ഡി.എഫ് വാദിച്ചു. എന്നാൽ ഇക്കാര്യം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന വാദം റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചു.