
കണ്ണൂർ: പത്രിക പിൻവലിക്കൽ പൂർത്തിയായതോടെ മുൻ തിരഞ്ഞെടുപ്പുകളിലേതു പോലെ തന്നെ കണ്ണൂരിൽ അപരന്മാരും രംഗത്തെത്തി. കൂത്തുപറമ്പ് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി.മോഹനൻ ട്രാക്ടർ ഓടിക്കുന്ന കർഷകന്റെ ചിഹ്നത്തിൽ മത്സരിക്കുമ്പോൾ കെ.പി. മോഹനൻ കൈതവച്ച പറമ്പത്ത് എന്ന സ്വതന്ത്രൻ ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കുന്നു.
തലശേരിയിൽ യു.ഡി.എഫ് സ്ഥാനാർഥി എം.പി. അരവിന്ദാക്ഷൻ കൈ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. എന്നാൽ മറ്റൊരു അരവിന്ദാക്ഷൻ ഗ്ളാസ് ടംബ്ളർ ചിഹ്നത്തിലും ഇടം പിടിച്ചു. ഇവിടെ ബി.ജെ..പി സ്ഥാനാർത്ഥിയായ എൻ. ഹരിദാസൻ മത്സരത്തിനില്ലെങ്കിലും അപരനായ ഹരിദാസൻ കൈതച്ചക്ക ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്.
അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിക്കും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി.സുമേഷിനും അപരശല്യമുണ്ട്. കെ.എം. ഷാജി ഏണി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ അതേ പേരുകാരനായ അപരൻ റഫ്രിജറേറ്റർ ചിഹ്നത്തിലും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ അപരനായ എം. സുമേഷ് ഗ്ളാസ് ചിഹ്നത്തിലും മത്സരിക്കുന്നു.
തളിപ്പറമ്പിലെ യു.ഡി. എഫ് സ്ഥാനാർത്ഥിയുടെ അപരൻ അബ്ദുൾറഷീദിന് ഡിഷ് ആന്റിനയാണ് ചിഹ്നം. പേരാവൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് അതേ പേരിൽ രണ്ട് അപരന്മാരുണ്ട്. വെണ്ടക്കയും പേനയുമാണ് ഇവരുടെ ചിഹ്നം. എതിരാളിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി സക്കീർ ഹുസൈന് ഇ.കെ. സക്കീർ എന്ന സ്ഥാനാർത്ഥി ഗ്ളാസ് ചിഹ്നത്തിൽ അപരനായി എത്തുന്നുണ്ട്.