കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യുന്ന അവശ്യ സർവ്വീസ് വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങൾ തയ്യാറായി. 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരത്തെ 12 ഡി ഫോറത്തിൽ അപേക്ഷ നൽകിയവർക്ക് കേന്ദ്രത്തിലെത്തി തപാൽ വോട്ട് രേഖപ്പെടുത്താം. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടിംഗ് സമയം. മണ്ഡലം തിരിച്ചുള്ള പോസ്റ്റ് വോട്ടിംഗ് കേന്ദ്രങ്ങൾ എന്ന ക്രമത്തിൽ:
പയ്യന്നൂർ ബ്ലോക്ക് ഓഫീസ് ഓഡിറ്റോറിയം, കല്ല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക എച്ച്.എസ്.എസ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ഇരിക്കൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ്, അഴീക്കോട് ജി.എച്ച്.എസ്.എസ് പള്ളിക്കുന്ന്, കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാൾ, ധർമ്മടം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ ചാല, തലശ്ശേരി സബ്ബ് കളക്ടർ ഓഫീസ് (കോർട്ട് ഹാൾ), കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ, മട്ടന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ മട്ടന്നൂർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഇരിട്ടി.
ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ്, എക്‌സൈസ്, ജയിൽ, മിൽമ, വൈദ്യുതി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റൽ ടെലിഗ്രാഫ്, ഏവിയേഷൻ, ആംബുലൻസ്, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മാദ്ധ്യമ പ്രവർത്തകർ, ഷിപ്പിംഗ് എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് കൊവിഡ് സാഹചര്യം പരിഗണിച്ച് ഇത്തവണ പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
തീയതി അറിയിക്കും
വോട്ടിംഗ് കേന്ദ്രം, വോട്ടിംഗിന്റെ തീയതി, സമയം എന്നിവ വോട്ടറെ എസ്.എം.എസായോ തപാലായോ ബൂത്ത് ലെവൽ ഓഫീസർ മുഖേനയോ അറിയിക്കും. വോട്ടർക്ക് നിശ്ചയിക്കപ്പെട്ട ദിവസം സർവീസ് ഐഡന്റിറ്റി കാർഡുമായി ചെന്ന് വോട്ട് ചെയ്യാം. പോസ്റ്റൽ ബാലറ്റിനായി നേരത്തെ 12 ഡി ഫോറത്തിൽ വരണാധികാരി മുമ്പാകെ അപേക്ഷ നൽകിയവർക്ക് ഇത്തരത്തിൽ പോസ്റ്റൽ വോട്ടിംഗ് കേന്ദ്രത്തിലൂടെ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ.
പോളിംഗ് ബൂത്തുകളിൽ ഹരിത കർമസേന
തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി പോളിംഗ് ബൂത്തുകളിൽ ഹരിത കർമ സേനകളെ നിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലറിൽ നിർദ്ദേശിച്ചു. നിർദ്ദേശം. പോളിംഗ് സ്റ്റേഷനുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും കൈയുറ, മാസ്‌ക് തുടങ്ങിയവ തരംതിരിച്ച് നീക്കം ചെയ്യുന്നതിനുമുള്ള ക്രമീകരണങ്ങൾ തദ്ദേശ ഭരണ സെക്രട്ടറിമാർ ഏർപ്പെടുത്തണം.