
കാസർകോട് : ഇരട്ടവോട്ടുകളെ പറ്റി താൻ നൽകിയ പരാതി അന്വേഷിച്ചു നടപടി സ്വീകരിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കോൺഗ്രസോ, കമ്മ്യൂണിസ്റ്റോ എന്ന് നോക്കിയല്ല താൻ പരാതി നൽകിയത്. ആരായാലും നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട് പ്രസ് ക്ലബിന്റെ പഞ്ചസഭയിൽ പങ്കെടുക്കവേ, പെരിയയിലെ കോൺഗ്രസ് പ്രവർത്തക അഞ്ചിടത്തെ വോട്ടർലിസ്റ്റിൽ ഉൾപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഒരു പഞ്ചായത്തിൽ വോട്ട് ചെയ്ത് മഷി മായ്ച്ച ശേഷം അടുത്ത പഞ്ചായത്തിൽ പോയി വോട്ട് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയത്. കള്ളവോട്ടിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസിൽ അഭിപ്രായഭിന്നത ഇല്ല. ജനവികാരം യു.ഡി.എഫിന് അനുകൂലമാണ്. അത് അട്ടിമറിക്കാനാണ് ചില മാദ്ധ്യമങ്ങൾ സർവ്വേയുടെ പേരിൽ ചെപ്പടിവിദ്യ കാണിക്കുന്നത്. 200 കോടിയുടെ പരസ്യം വാങ്ങി സർക്കാരിനെ പുകഴ്‌ത്തുന്ന മാദ്ധ്യമങ്ങളുടെ നടപടി ജനാധിപത്യ വിരുദ്ധവും മര്യാദ ഇല്ലാത്തതുമാണ്. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കുന്ന സർവേ കൊണ്ടൊന്നും യു.ഡി.എഫിനെ തകർക്കാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ഹക്കിം കുന്നിൽ, അഡ്വ. സി.കെ. ശ്രീധരൻ, എൻ.എ. നെല്ലിക്കുന്ന്, സി.ടി. അഹമ്മദലി എന്നിവർ പങ്കെടുത്തു.
വോട്ടർ പട്ടികയിൽ ക്രമക്കേട്: വീണ്ടും പരാതി
വോട്ടർപട്ടികയിൽ പേരുകളിരട്ടിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ ഒരു വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ച് വേറെ പേരും വിലാസവും കാണിച്ച് വ്യാജവോട്ടർ തിരിച്ചറിയൽ കാർഡുണ്ടാക്കിയെന്ന പുതിയ പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ഇത്തരത്തിലുള്ള ക്രമക്കേട് കണ്ടെത്തിയെന്ന വാർത്ത ഉദ്ധരിച്ചാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. ഇത്തരത്തിലുള്ള വ്യാജവോട്ടർമാരുടെ കാര്യത്തിലും അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.