കണ്ണൂർ: തുച്ഛ വരുമാനത്തിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദമില്ലാതായതോടെ ജോലിയിൽ തുടരാൻ സാധ്യമാകാതെ ഒരു കൂട്ടം നെയ്ത്ത് തൊഴിലാളികൾ. കണ്ണൂർ സർവ്വോദയ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മട്ടന്നൂർ നൂൽ നൂൽപ്പ് കേന്ദ്രത്തിലെ തൊഴിലാളികൾക്കാണ് ഇൗ ഗതികേട്. സ്ഥാപനം കൃത്യമായി ജോലി കൊടുക്കാത്തതാണ് പ്രശ്നമെന്നാണ് ആക്ഷേപം. സർവ്വോദയ സംഘം സെക്രട്ടറിയുടെ അനുവാദത്തോടെ 30 തൊഴിലാളികൾ ചർക്കകൾ വീട്ടിൽ കൊണ്ടുപോയി തൊഴിൽ ചെയ്തു വരികയായിരുന്നു. എന്നാൽ ചില തൊഴിലാളികൾ ചർക്കയ്ക്ക് പകരം മോട്ടോർ ഉപയോഗിച്ച് നൂൽനൂൽക്കുന്നുവെന്ന കാരണത്താൽ മുഴുവൻ തൊഴിലാളികളും സ്ഥാപനത്തിൽ ചെന്നുതന്നെ തൊഴിലെ ടുക്കണമെന്ന തീരുമാനമാണ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയത്.
വീടുകളിൽ നിന്ന് തൊഴിൽ ചെയ്യാൻ കഴിയില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഖാദിബോർഡും സ്ഥാപനവും. ഒരു ദിവസം 24 കഴി നൂൽ (24,000 മീറ്റർ) നൂൽക്കേണ്ടതുണ്ട്. അതിനായി 24,000 തവണ കൈകൊണ്ട് ചുറ്റിയെടുക്കണം. സ്ഥാപനത്തിലെത്തുന്ന തൊഴിലാളികൾ ഈ വിധത്തിൽ ചുറ്റിയെടുക്കുമ്പോൾ മറ്രുചിലർ വീട്ടിലിരുന്ന് മോട്ടോർ ഉപയോഗിച്ച് ചെയ്യുന്നത് വിവേചനമാണെന്നാണ് സ്ഥാപനത്തിന്റെ പക്ഷം.
സ്ഥാപനത്തിൽ ചെന്ന് ജോലിയെടുക്കുമ്പോൾ വരുമാനത്തിന്റെ പകുതിയും യാത്രാ ചെ ലവിന് കൊടുക്കേണ്ടി വരുമെന്നതാണ് തൊഴിലാളി കളെ വലിയ പ്രതിസന്ധിയിലാഴ്ത്തുന്നത്. എട്ടുമണിക്കൂർ ജോലി ചെയ്താൽ കിട്ടുന്നത് കേവലം 200 രൂപ മാത്രമാണ്.
വിഷുവിനും പട്ടിണി
വിഷുവിന് ലഭിക്കേണ്ട ബോണസും മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിച്ചിരുന്ന തൊഴിലാളികളിപ്പോൾ പട്ടിണി കിടക്കേണ്ട സ്ഥിതിയാണ്. ജോലി ചെയ്തിരുന്ന സമയത്ത് കൃത്യമായി ക്ഷേമനിധി അടിച്ചിരുന്ന ഇവർക്ക് ഈ സാഹചര്യത്തിൽ ക്ഷേമനിധി അനുകൂല്യങ്ങളും നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട് .
ഖാദി ബോർഡ് പറയുന്നത്
വീടുകളിൽ നടത്തിയ പരിശോധനയിൽ മോട്ടോർ ഉപയോഗിച്ച് നൂൽ നൂൽക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് നിയമവിരുദ്ധവും ഖാദി കമ്മിഷൻ അനുവദിക്കാത്തതുമാണ്. ഇത്തരത്തിൽ മോട്ടോർ ഉപയോഗിച്ച് നൂൽ നൂൽക്കുമ്പോൾ ഉത്പന്നം ഖാദി അല്ലാതെയാവുകയാണ് ചെയ്യുന്നത്. വളരെ അവശരായ തൊഴിലാളികളെ വീടുകളിൽ തൊഴിൽ ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ബാക്കിയുള്ള തൊഴിലാളികൾ ഫാക്ടറിയിൽ വന്നാൽ തൊഴിൽ ചെയ്യാം. പ്രളയത്തെയും കൊവിഡിനെയും തുടർന്ന് വളരെ കുറഞ്ഞ വരുമാനമാണ് സംഘത്തിന് ലഭിക്കുന്നത്. നൂറാം നൂൽ ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ കിട്ടാത്ത സാഹചര്യവുമുണ്ട്. സർക്കാറിൽ നിന്നുള്ള റിബേറ്റ് മാത്രമാണ് ആശ്രയം.