
കണ്ണൂർ : ബി.ജെ.പി സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ പത്രിക തള്ളിയതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ നടത്താനിരുന്ന തലശേരിയിലെ തിരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി. സ്ഥാനാർത്ഥിയില്ലാത്ത തലശേരിയിൽ ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തിലും ബി.ജെ.പി നേതൃത്വം തീരുമാനമെടുത്തില്ല. അണികളിൽ അവ്യക്തതയും ആശയക്കുഴപ്പവും തുടരവെ,. ഹരിദാസിന്റെ പത്രിക തള്ളിയതു സംബന്ധിച്ച്പാർട്ടി കേന്ദ്ര നേതൃത്വം ജില്ലാ നേതൃത്വത്തോട് റിപ്പോർട്ട് തേടി.
സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലൊന്നും പത്രികാ സമർപ്പണ വേളയിൽ സംഭവിക്കാത്ത കൈപ്പിഴ തലശേരിയിൽ എങ്ങനെയുണ്ടായെന്നാണ് ദേശീയ നേതൃത്വത്തിന്റെ സംശയം. പത്രിക തള്ളാനിടയാക്കിയതിൽ സംഘപരിവാർ പ്രവർത്തകർക്കിടയിൽ കടുത്ത അതൃപ്തിയും അമർഷവുമുണ്ട്. പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമായ തലശേരിയിലുണ്ടായ ഈ സാഹചര്യം നേതൃത്വത്തിനെതിരെ തിരിയാൻ അണികളെ പ്രേരിപ്പിച്ചിട്ടുണ്ട്. കോടതി വിധികൾ അനുകൂലമല്ലെങ്കിൽ, ഇനി മനഃസാക്ഷി വോട്ടെന്ന പ്രഖ്യാപനമാണോ ബി.ജെ.പി നേതൃത്വത്തിൽ നിന്നുണ്ടാവുകയെന്ന ചോദ്യവും ഉയരുന്നുണ്ട്.
ഇതിനിടെ, തലശേരിയിൽ ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സി.പി.എം മുൻ പ്രാദേശിക നേതാവ് സി.ഒ.ടി. നസീറിനെ ബി.ജെ.പി പിന്തുണയ്ക്കുമെന്ന പ്രചാരണവുമുണ്ട്. എന്നാൽ, പിന്തുണയുമായി തന്നെ ആരും സമീപിച്ചില്ലെന്നും, സമീപിച്ചാൽ അപ്പോൾ പറയാമെന്നുമാണ് നസീറിന്റെ നിലപാട്. ബി.ജെ.പിയുമായി രഹസ്യബന്ധം സംബന്ധിച്ച പരസ്പര ആരോപണങ്ങളുമായാണ് മണ്ഡലത്തിൽ എൽ.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും പ്രചാരണം.