കാസർകോട് :മാവേലി എക്സ്പ്രസിന് രാവിലെ കാസർകോട്ട് ഇറങ്ങിയ ചെന്നിത്തല ഡി .സി. സി പ്രസിഡന്റ് ഹക്കിം കുന്നിലിനൊപ്പം ഗവ. ഗസ്റ്റ് ഹൗസിലേക്കാണ് നേരെ പോയത്. പതിവ് വ്യായാമം മുടക്കാതെയായിരുന്നു ഒരുക്കം. പ്രഭാതഭക്ഷണത്തിനിടെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥി പി.വി.സുരേഷ് എത്തി. മണ്ഡലത്തിലെ സാദ്ധ്യതകൾ സ്ഥാനാർത്ഥി നേതാവുമായി പങ്കുവെക്കുന്നതിനിടയിൽ കാസർകോട്ട് നെല്ലിക്കുന്നിനെ മൂന്നാമതും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് രാജിവച്ച ഡി.സി.സി ജനറൽസെക്രട്ടറി കരുൺ താപ്പ എത്തി.
സുരേഷ് മടങ്ങിയതിന് പിന്നാലെ കരുൺ താപ്പയുമായി ഏകദേശം 20 മിനിറ്റോളം പ്രതിപക്ഷനേതാവും ഡി.സി.സി പ്രസിഡന്റും സംസാരിച്ചു. നെല്ലിക്കുന്നിനെ ഫോണിൽ വിളിച്ചു. ഒന്നിച്ചുപോകാമെന്ന് എൻ.എ.നെല്ലിക്കുന്ന് പറഞ്ഞതോടെ പ്രശ്നം അവസാനിച്ചു.മണ്ഡലം യു.ഡി.എഫ് കൺവീനർ സ്ഥാനത്ത് തുടരണമെന്ന നിർദ്ദേശം താപ്പ അംഗീകരിച്ചതോടെ സ്ഥാനാർത്ഥിയുമായുള്ള തർക്കത്തിൽ മഞ്ഞുരുകി.
കൃത്യം എട്ടരയ്ക്ക് തന്നെ കാസർകോട് പ്രസ് ക്ലബിൽ പഞ്ചസഭ പരിപാടിക്ക് പ്രതിപക്ഷനേതാവ് എത്തി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും മുൻമന്ത്രി സി .ടി .അഹമ്മദലിയും സ്ഥാനാർത്ഥി എൻ. എ. നെല്ലിക്കുന്നും അപ്പോഴേക്കും എത്തി. മാദ്ധ്യമങ്ങളുമായുള്ള മുഖാമുഖത്തിൽ കടുത്ത ഭാഷയിൽ സി.പി.എമ്മിനെയും കിഫ്ബി -മാദ്ധ്യമ അജണ്ടയേയും ആക്രമിക്കുകയായിരുന്നു ചെന്നിത്തല.സർവേകളിൽ തന്നെ കുറച്ചുകാണുന്നതിലുള്ള നീരസം ഒട്ടും മറച്ചുവെക്കാതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പ്രസ് ക്ളബിലെ മുഖാമുഖത്തിന് ശേഷം ഓട്ട പ്രദക്ഷിണമായിരുന്നു പൈവളിഗെയിലെത്തിയപ്പോൾ സാമാന്യം നല്ല ജനക്കൂട്ടം.മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി എ .കെ .എം അഷ്റഫും നേതാക്കളും കാത്തുനിൽക്കുകയായിരുന്നു. ഇടതുമുന്നണിയെ കടന്നാക്രമിക്കുന്ന പ്രസംഗത്തിന് ശേഷം 11.30 ഓടെ കാസർകോട് നിയോജകമണ്ഡലത്തിലെ നെല്ലിക്കുന്നിലേക്ക്. സ്ഥാനാർത്ഥി എൻ. എ. നെല്ലിക്കുന്നിന്റെ വീട്ടിനടുത്തുള്ള പന്തലിലായിരുന്നു യു .ഡി .എഫ് കുടുംബസംഗമം. മുസ്ലിം ലീഗ് ജില്ലാട്രഷറർ കല്ലട്ര മാഹിൻ ഹാജിയുടെ വീട്ടുവളപ്പിലായിരുന്നു ഉദുമ നിയോജമണ്ഡലത്തിലെ പരിപാടി. സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയയും പ്രവർത്തകരും ഹൃദ്യമായി പ്രതിപക്ഷനേതാവിനെ വരവേറ്റു. നിങ്ങൾക്ക് ഏറ്റവും നല്ല സ്ഥാനാർത്ഥിയാണ് ബാലകൃഷ്ണൻ . നല്ല ഭൂരിപക്ഷം നൽകി വിജയിപ്പിച്ചോളണം ആൾക്കൂട്ടം കണ്ട് ആവേശത്തിൽ നേതാവിന്റെ വാക്കുകൾക്ക് കൈയടിയോടെ അണികളുടെ പ്രതികരണം. ചുരുക്കം വാക്കുകളിൽ കുറിക്ക് കൊള്ളുന്ന പ്രസംഗത്തിന് ശേഷം ഇവിടെ നിന്ന് മടക്കം. കാഞ്ഞങ്ങാട് മണ്ഡലത്തിലും ചെറുവത്തൂരിലും പൊതുയോഗങ്ങളിലും പങ്കെടുത്താണ് അദ്ദേഹം ഇന്നലെ മടങ്ങിയത്.