
കാസർകോട്: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വെള്ളംകുടിപ്പിച്ച ബി.എസ്.പി സ്ഥാനാർത്ഥി കെ. സുന്ദരയെ 'ഒതുക്കിയ' ആഹ്ളാദത്തിലാണ് ജില്ലയിലെ എൻ.ഡി.എ നേതൃത്വം. ഇത്തവണ ബി.ജെ.പിക്ക് പിന്തുണ നൽകുമെന്നും സുന്ദര പറയുന്നു. 2016 തിരഞ്ഞെടുപ്പിൽ കെ. സുന്ദര നേടിയത് 467 വോട്ടുകളാണ്. എൻമകജെ പഞ്ചായത്തിലെ വാണിനഗറിൽ താമസിക്കുന്ന സുന്ദര ചെറിയ കട നടത്തുന്നുണ്ട്. യക്ഷഗാന കലാകാരനും കവിയുമൊക്കെയായ സുന്ദര ബി.എസ്.പി പ്രവർത്തകനായിരുന്നു.2016 ൽ കെ. സുരേന്ദ്ര സ്വതന്ത്രനായാണ് മത്സരിച്ചത്.പിന്നീടാണ് ആന ചിഹ്നത്തോട് കമ്പം കയറി ബി.എസ്.പിയിൽ ചേർന്നത്. ഇത്തവണയും പത്രിക നൽകിയ സുന്ദരയെ അനുനയിപ്പിക്കാൻ പതിനെട്ട് അടവും ബി.ജെ.പി നേതാക്കൾ പയറ്റി. ഒടുവിൽ ബി.എസ്.പിയോട് സലാം പറഞ്ഞ് ബി.ജെ.പിയിൽ ചേർന്നു. ഇതിനിടെ സുന്ദരയെ കാണാനില്ലെന്ന് കാട്ടി ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ ബി.എസ്.പി നേതാക്കൾ പരാതി നൽകിയിരുന്നു. പിന്നാലെ സുന്ദരയോടൊപ്പം ബി.ജെ.പി നേതാക്കൾ നിൽക്കുന്ന ചിത്രം ബി.ജെ.പി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടിരുന്നു.