
തലശ്ശേരി:കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ദേശീയനിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെയും സ്വന്തം കളരിയിൽ ഇക്കുറി മുന്നണിക്ക് സ്ഥാനാർത്ഥിയില്ലാത്തത് ബി.ജെ.പി പ്രവർത്തകരെ എത്തിച്ചിരിക്കുന്നത് കടുത്ത പ്രതിസന്ധിയിൽ.ഗുരുവായൂരിലേതു പോലെ ഏതെങ്കിലും ചെറുകക്ഷികളുടെ സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകാമെന്ന് വച്ചാൽ മത്സരരംഗത്തുള്ള വെൽഫെയർ പാർട്ടിയുടേയും ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെയും സ്ഥാനാർത്ഥികളാണുള്ളത്. എൻ.ഡി.എ വോട്ട് ആവശ്യമില്ലെന്ന് ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ സി.പി.എമ്മുകാരനുമായ സി.ഒ.ടി നസീർ വ്യക്തമാക്കിയിട്ടുമുണ്ട്.
ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ളത് തലശ്ശേരി നിയോജകമണ്ഡലത്തിലാണ്. ഗുരുവായൂരിൽ ബി.ജെ.പി ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വോട്ടുകച്ചവട ആരോപണത്തിൽ നിന്ന് തൽക്കാലം പറഞ്ഞുനിൽക്കാമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.
തലശ്ശേരിയിൽ ക്രമാനുഗതമായി ബി.ജെ.പിയുടെ ഗ്രാഫ് ഉയരുന്നതായാണ് സമീപകാല തിരഞ്ഞെടുക്കളെല്ലാം തെളിയിച്ചിട്ടുള്ളത്. അതിന് സാരഥ്യം വഹിച്ച ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ സ്ഥാനാർത്ഥിത്വമാണ് ഇക്കുറി നോട്ടപ്പിശകിൽ ഇല്ലാതായത്.. മണ്ഡലത്തിലുടനീളം ബോർഡുകളും, ചുമരെഴുത്തുകളുമടക്കം നടത്തിയ ശേഷമാണ് ഈ ദുര്യോഗം.തലശ്ശേരി നഗരസഭയിൽ പ്രതിപക്ഷമായി മാറിയതും പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നതും രണ്ടാം സ്ഥാനത്തെത്തിയതും ആവേശം പകർന്ന ഘട്ടത്തിലാണ് നിർണായക തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പോലുമില്ലാത്ത അവസ്ഥയിലെത്തിയതെന്നാണ് പ്രവർത്തകരുടെ പരിദേവനം.
രാജ്യത്ത് തന്നെ സി.പി.എം-ബി.ജെ.പി സംഘർഷത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തകർ കൊല്ലപ്പെട്ടത് തലശ്ശേരി നിയോജകമണ്ഡലം പരിധിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രചരണത്തിന് തലശ്ശേരിയിലെത്തിക്കാനും നിശ്ചയിച്ചതാണ്.സ്ഥാനാർത്ഥി ഇല്ലാതായതോടെ ഈ പരിപാടി മാറ്രിയിട്ടുണ്ട്.
പോരാട്ടം മുറുകിയപ്പോൾ പുറത്ത്
2016ൽ നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എ.എൻ.ഷംസീറിന് 70,741 വോട്ടുകളും കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിക്ക് 36,624 വോട്ടുകളും ബി.ജെ.പിയിലെ വി.കെ. സജീവന് 13,456 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജന് 65,401 വോട്ടുകളും കോൺഗ്രസിലെ കെ. മുരളീധരന് 53 ,932 വോട്ടുകളും ലഭിച്ചപ്പോൾ ബി.ജെ.പിയുടെ വോട്ടുകളിൽ ചെറിയതോതിൽ കുറവ് വന്നിരുന്നു. എന്നാൽ ഇക്കുറി നാട്ടുകാരനായ എ.ഹരിദാസിലൂടെ വിജയത്തിനായി ഒത്തുപിടിക്കാമെന്ന അവസ്ഥയിലാണ് മത്സരത്തിൽ നിന്ന് തന്നെ പുറത്തായിപ്പോയത്.
പഴയ കോ-ലീ-ബി സഖ്യത്തെ പുനരുജ്ജിവിപ്പിച്ചാലും വമ്പിച്ച ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് തന്നെ വിജയിക്കും.അഡ്വ: എ.എൻ.ഷംസീർ, ഇടത് മുന്നണി സ്ഥാനാർത്ഥി
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ആര് വോട്ട് തന്നാലും സ്വീകരിക്കുംഎം.പി. അരവിന്ദാക്ഷൻ, യു.ഡി.എഫ് സ്ഥാനാർത്ഥി