
ചക്കരക്കല്ല് (കണ്ണൂർ): മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമ്മടം മണ്ഡലത്തിൽ പി. ജയരാജ സ്തുതിയുമായി കൂറ്റൻ ബോർഡ്. 'ഞങ്ങടെ ഉറപ്പാണ് പി.ജെ' എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. പോരാളികൾ എന്ന പേരിൽ സ്ഥാപിച്ച ബോർഡിൽ താഴെയായി ഒരു വാളിന്റെ ചിത്രവുമുണ്ട്.
ബോർഡിൽ എൽ.ഡി. എഫിന്റെ പ്രചാരണ മുദ്രാവാക്യങ്ങളോ പാർട്ടി ചിഹ്നങ്ങളോ ഇല്ല.
ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം ശക്തി കേന്ദ്രമായ ആർ.വി മെട്ടയിലെ റോഡരികിലാണ് ബോർഡ്. ചുവപ്പ് പശ്ചാത്തലത്തിൽ പി. ജയരാജന്റെ രണ്ട് ഫോട്ടോ ബോർഡിലുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി.ജെ. ആർമി എന്ന നവമാദ്ധ്യമ കൂട്ടായ്മയിൽ നേതൃത്വത്തെ വിമർശിച്ചുള്ള പോസ്റ്റുകൾ വ്യാപകമായിരുന്നു. പി.ജെ. ആർമിക്കെതിരേ ഒടുവിൽ പി. ജയരാജൻ തന്നെ രംഗത്തെത്തുകയും പി.ജെ. ആർമിയുമായി തനിക്കോ പാർട്ടിക്കോ ഒരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജി വച്ചിരുന്നു.