കാഞ്ഞങ്ങാട്:തൃക്കരിപ്പൂർ അസംബ്ലി നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി യു.ഡി.എഫ് സ്ഥാനാർത്ഥി എം.പി.ജോസഫ് പത്രസമ്മേളനത്തിൽ ആരോപിച്ചു. മാതൃകാ കണക്കെടുപ്പിൽ തന്നെ 1053 വോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഒന്ന് മുതൽ മൂന്ന് വരെ വോട്ടർ ഐ.ഡികൾ ഉദ്യോഗസ്ഥർ വിതരണം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 72 ബൂത്തുകളിലാണ് ഇരട്ട വോട്ടുകളും വ്യാജ വോട്ടുകളും ഉള്ളത്. ഈ പട്ടിക വച്ചാണ് വോട്ടെടുപ്പിന് തയ്യാറെടുപ്പ് നടത്തുന്നത്.
1053 പേരുടെ വിവരങ്ങൾ ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം ഭീഷണിയും കൈയൂക്കും സംഘർഷവും ഉണ്ടാക്കാൻ ഇത്തരം തിരിച്ചറിയൽ രേഖകൾ കാരണമാകും.. ഭീഷണിയുള്ള 72 ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരെ നിയമിക്കാനും ഓരോ ബൂത്തിലും ആറ് പേരടങ്ങുന്ന പാരാമിലിട്ടറി ഫോഴ്സിനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യു.ഡി.എഫ് ഏജന്റുമാരുടെ പരാതികൾ സ്വീകരിക്കാതെ സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.
194 ബൂത്തുകളിലും ക്യാമറ ഏർപ്പെടുത്താൽ സംവിധാനം വേണം. യു.ഡി.എഫ് ഇക്കാര്യത്തിൽ സഹകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.വ്യാജ തിരിച്ചറിയൽ കാർഡുകളും പട്ടികയിലെ ക്രമക്കേടും സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർക്കും ഓഫീസർക്കും പരാതി നൽകിയതായും എം.പി.ജോസഫ് അറിയിച്ചു. യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് ജനറൽ കൺവീനർ കെ.ശ്രീധരൻ , കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോജോസഫ്, അഡ്വ.ഇ.എം.സോജു എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു