mm-hassan

കാസർകോട് : യു .ഡി. എഫ് നല്ല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് കൺവീനർ എം.എം.ഹസൻ. എന്നാൽ എത്ര സീറ്റ് കിട്ടുമെന്ന് പറയാൻ കൊട്ടിക്കലാശം കഴിഞ്ഞ ശേഷമുള്ള അവലോകനം കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് പ്രസ് ക്ലബ് പഞ്ചസഭ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി പി എം -ബി ജെ പി ഡീൽ സംസ്ഥാനത്ത് ഉറപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഗഡ്‌ഗരിയും ചേർന്നാണ് വോട്ട് കച്ചവടം ഉറപ്പിച്ചത്. കേരളത്തിലെ പത്തുസീറ്റിൽ ബി ജെ പിയെ ജയിപ്പിക്കാം എന്നാണ് കരാർ. അതിന് പകരമായാണ് മൂന്ന് സി. പി .എം സിറ്റിംഗ് സീറ്റുകളിലെ എൻ. ഡി. എ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയത്. ബി .ജെ. പി നേതാക്കൾ മത്സരിക്കുന്ന തലശേരി, ഗുരുവായൂർ മണ്ഡലത്തിലെ പത്രിക തള്ളിയത് കൈയ്യബദ്ധം കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല. ഒത്തുകളിയുടെ ഭാഗമായി സംഭവിച്ചതാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ഭരണം ഉറപ്പാണെന്ന് ആവർത്തിച്ച് പറയുന്നത് ഈ ഡീലിന്റെ ബലത്തിലാണ്. കോടികളുടെ പരസ്യം നൽകിയാണ് മാദ്ധ്യമങ്ങളെ കൊണ്ട് അനുകൂല സർവ്വേ നടത്തിച്ചുവെന്നും ഹസൻ ആരോപിച്ചു.

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ പുറത്തുവന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ധാർമ്മികത ഉണ്ടെങ്കിൽ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ ആ പദവി രാജിവെക്കണം.പ്രമുഖരായ ഒട്ടേറെപ്പേർ അലങ്കരിച്ച ആ സ്ഥാനത്ത് ആരോപണ വിധേയൻ തുടരുന്നത് ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി സി ടി അഹമ്മദലി , ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിൽ, യു എസ് ബാലൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.