കണ്ണൂർ: കൊവിഡ് കാലഘട്ടത്തിൽ പാഠ്യപ്രവർത്തനങ്ങളിൽ കൃത്യമായി പങ്കെടുക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരും സാമൂഹികമായും സാമ്പത്തികമായും പാർശ്വവൽകരിക്കപ്പെട്ടവരുമായ വിദ്യാർത്ഥികൾ അനുഭവിച്ച പ്രയാസങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് കണ്ണൂർ സർവ്വകലാശാലാ സെനറ്റ് യോഗത്തിൽ നിർദ്ദേശം. ഡോ. ഇസ്മായിൽ ഒലായിക്കര അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് യോഗം അംഗീകാരം നൽകി. ഭാവിയിൽ ഇത്തരം സാഹചര്യത്തെ നേരിടാൻ ഈ പഠനറിപ്പോർട്ട് സഹായകമാകുമെന്ന് അടിയന്തര പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഗ്രോസ് എന്റോൾമെന്റ് റേഷ്യോ (ജി.ഇ.ആർ) തുടരുന്ന സാഹചര്യത്തിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവെച്ച കണക്ക് പ്രകാരം ജി.ഇ.ആർ 2018 ൽ 26 ശതമാനം മാത്രമാണ്. 2030 ഓടുകൂടി ഇത് 50 ശതമാനം ആകുമെന്നും ദേശീയ വിദ്യാഭ്യാസ നയം പറയുന്നു. ഈ അവസരത്തിൽ ചർച്ചകൾ ഒന്നുമില്ലാതെ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സും പുത്തൻ വിദ്യാഭ്യാസ നയവും നടപ്പിലാക്കുന്നത് അപകടകരമാണെന്നും ഇതിൽ നിന്നും യു.ജി.സി പിന്തിരിയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിൻഡിക്കേറ്റംഗം പ്രമോദ് വെള്ളച്ചാൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. ഭേദഗതികളോടെ യോഗം പ്രമേയം അംഗീകരിച്ചു.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസമൂഹത്തിലും ശാസ്ത്രബോധവും മതേതരജനാധിപത്യവും ഉയർത്തിപ്പിടിച്ച് സംവാദാത്മകമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വൈജ്ഞാനിക മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിൽ നേതൃപരമായ പങ്ക് നിർവഹിക്കുന്നതിൽ സർവ്വകലാശാല പ്രതിജ്ഞാബദ്ധമാണെന്ന സിൻഡിക്കേറ്റംഗം ഡോ. ടി.പി അഷ്രഫിന്റെ ഔദ്യോഗികപ്രമേയം യോഗം അംഗീകരിച്ചു. അവതരിപ്പിച്ച 31 പ്രമേയങ്ങളിൽ 15 എണ്ണത്തിന് യോഗം അംഗീകാരം നൽകി.
ഓൺലൈനായി ചേർന്ന യോഗത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 2018-19 വർഷത്തെ വാർഷിക കണക്ക് അവതരിപ്പിക്കുകയും വോട്ടിനിട്ട് അംഗീകരിക്കുകയും ചെയ്തു.
യു.ഡി.എഫ് അനുകൂല
അംഗങ്ങൾ ബഹിഷ്കരിച്ചു
യു.ഡി.എഫ് അനുകൂല മെമ്പർമാരായ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. ആർ.കെ. ബിജു, വിജയകുമാർ, ഇ.എസ് ലത, ഡോ. സ്വരൂപ, ഷാനവാസ്, പി.കെ സതീശൻ, കെ.വി. ഉണ്ണികൃഷ്ണൻ എന്നിവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
നിർമാണപ്രവൃത്തികൾ തുടങ്ങുന്നതിനു മുമ്പുതന്നെ 20ശതമാനം ഫണ്ട് മാത്രമേ അഡ്വാൻസ് നൽകാവൂ എന്നിരിക്കെ 50 ശതമാനം അഡ്വാൻസ് നൽകിയത് ഉൾപ്പെടെ റിപ്പോർട്ടിലെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പരാമർശങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തങ്ങൾക്ക് സംസാരിക്കാനുള്ള അനുമതി നിഷേധിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോയതെന്ന് ഇവർ പറഞ്ഞു.