vote

കണ്ണൂർ:മാർച്ച് 20ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഒരാൾക്ക് ഒന്നിലധികം വോട്ടുകൾ കയറിക്കൂടിയതിൽ കർശനനടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. തെറ്റുകൾ തിരുത്തുന്നതിന് അടിയന്തിരനടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നടപടിക്രമങ്ങൾ വിശദീകരിച്ച് ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ജില്ലാ കളക്ടർ കത്തയച്ചു.

തഹസിൽദാർമാരുടെ (ഇ.ആർ.ഒ) നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ഓരോ മണ്ഡലത്തിലെയും വോട്ടർ പട്ടിക സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. ഒരേ മണ്ഡലത്തിലോ വ്യത്യസ്ത മണ്ഡലങ്ങളിലായോ ഒരാളുടെ തന്നെ ഒന്നിലധികം എൻട്രികൾ, ഒരേ ഫോട്ടോയിലും അഡ്രസ്സിലും വ്യത്യസ്ത പേരുകളിൽ വോട്ടർമാർ, ഒരേ വോട്ടർ ഐഡി നമ്പറിൽ വ്യത്യസ്ത വോട്ടർമാർ എന്നീ കേസുകൾ കണ്ടെത്തുന്നതിനാണിത്. മാർച്ച് 25നു മുമ്പായി ഈ പ്രവൃത്തി പൂർത്തീകരിക്കും.

നാല് ഘട്ട പരിശോധന
ഇ.ആർ.ഒ നെറ്റ് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പേര്, ജനനതീയതി, വയസ്സ്, ലിംഗം തുടങ്ങിയ വിശദാംശങ്ങൾ വച്ച് തെരച്ചിൽ നടത്തുന്നതാണ് ആദ്യപടി. ഇതുപ്രകാരം സാദൃശ്യമുള്ള വോട്ടർമാരെ കണ്ടെത്തുന്നതിനുള്ള ഡി.എസ്.ഇ (ഡിമോഗ്രഫിക്കലി സിമിലർ എൻട്രീസ്) സംവിധാനത്തിന്റെ സഹായത്തോടെ ഒരേപോലെയുള്ളത് (മാച്ച്), ഒരേപോലെയല്ലാത്തത് (നോട്ട് മാച്ച്), സംശയാസ്പദമായത് (ഡൗട്ട്ഫുൾ) എന്നിങ്ങനെ എൻട്രികൾ തരംതിരിക്കുന്നതാണ് രണ്ടാംഘട്ടം. ഇവയിൽ ഒരേപോലെയുള്ളവയും സംശയമുള്ളവയുമായ എൻട്രികൾ കണ്ടെത്തി ഫീൽഡ് വെരിഫിക്കേഷന് വേണ്ടി ബി.എൽ.ഒമാർക്ക് നൽകും. തുടർന്ന് ഇ.ആർ.ഒ നെറ്റിൽ ലഭ്യമായ ഡി.എസ്.ഇ, ലോജിക്കൽ എറർ എന്നീ ഓപ്ഷനുകൾ ഉപയോഗിച്ച് ഒന്നിലധികം വോട്ടുകളുള്ള വോട്ടർമാരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക (മൾട്ടിപ്പ്ൾ എൻട്രി വോട്ടേഴ്സ് ലിസ്റ്റ്) തയ്യാറാക്കും.

നടപടികൾ ഇങ്ങനെ

നടപടികൾ മാർച്ച് 30നകം പൂർത്തിയാക്കും

 പട്ടികയിൽ ബി.എൽ.ഒ ഫീൽഡ് വെരിഫിക്കേഷൻ

മൾട്ടിപ്പ്ൾ എൻട്രി വോട്ടേഴ്സ് ലിസ്റ്റിൽ നിജസ്ഥിതി രേഖപ്പെടുത്തും

ഇരട്ട വോട്ടർപട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും

മൾട്ടിപ്പ്ൾ എൻട്രി വോട്ടർ പട്ടികയിൽ പ്രത്യേകം മാർക്ക് ചെയ്യും

ബൂത്ത് വിടുന്നതിന് മുമ്പ് മഷി ഉണങ്ങുന്നുവെന്ന് ഉറപ്പാക്കും

മൾട്ടിപ്പ്ൾ എൻട്രി വോട്ടേഴ്സ് ലിസ്റ്റിന്റെ പകർപ്പ് എല്ലാ സ്ഥാനാർത്ഥികൾക്കും നൽകും.