മട്ടന്നൂർ: ഉരുവച്ചാലിൽ നിർമാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽ കുന്ന് വീണ്ടും ഇടിഞ്ഞുവീണ് പമ്പ് ഉടമയ്ക്കു പരിക്ക്. ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉരുവച്ചാൽ ടൗണിന് സമീപത്ത് നിർമാണം നടന്നു കൊണ്ടിരുന്ന പെട്രോൾ പമ്പിന്റെ പിറകു വശത്തുള്ള കൂറ്റൻ കുന്നിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. പമ്പിന്റെ ഉടമ മട്ടന്നൂർ സ്വദേശി ദാസ (60)നെ കാലിന് പരിക്കേറ്റ നിലയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു താഴെ ഭാഗത്ത് പ്രവൃത്തി നടത്തുന്നതിനിടെ മുകളിൽ നിന്നും മണ്ണും കല്ലും ഇടിഞ്ഞ് വീഴുകയായിരുന്നു. ഭീഷണിയിലായ കുന്ന് തകർന്ന് വീഴാതിരിക്കാൻ അടിഭാഗത്ത് ഭിത്തി കെട്ടാൻ ഫില്ലറിന്റെ പ്രവൃത്തി നടക്കുകയാണ്. മണ്ണ് മാന്തി യന്ത്രം കൊണ്ട് മണ്ണ് എടുക്കവെയാണ് കുന്ന് ഇടിഞ്ഞത്. അപകട സമയം ഉടമ ദാസൻ തൊഴിലാളികൾക്ക് നിർദ്ദേശം നൽകാൻ സ്ഥലത്ത് നിൽക്കുകയായിരുന്നു.

ഏതാനും മാസം മുമ്പ് കുന്നിടിഞ്ഞ് വൻ നാശമുണ്ടായിരുന്നു. 50 മീറ്ററിലധികം ഉയരത്തിൽ കുന്ന് നിലനിൽക്കുന്നതിനാൽ വീണ്ടും കുന്നിടിയാൻ സാധ്യതയുണ്ട്. വൻ ദുരന്തം ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.