
കണ്ണൂർ: ആർ.എസ്.എസ് വിശ്വാസം പ്രകാരം മാത്രമേ ജീവിക്കാൻ പാടുള്ളുവെന്ന തീരുമാനം ബി.ജെ.പി ജനങ്ങൾക്കിടയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കിടെ മലയാളികളായ കന്യാസത്രീകളെ അക്രമിച്ചത് എ.ബി.വി.പിക്കാരാണ്. പ്രഖ്യാപിത ശത്രുക്കളായ ക്രിസ്റ്റ്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകാരെയും വേട്ടയാടുന്ന ശീലം ആർ.എസ്.എസുകാർക്ക് പണ്ടേയുള്ളതാണ്. ഒരു ഭാഗത്ത് മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും മറുഭാഗത്ത് ന്യൂനപക്ഷത്തെ വേട്ടയാടുകയും ചെയ്യുകയാണിവർ. 96 ശതമാനവും ബീഫ് കഴിക്കുന്ന ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ ബീഫ് നിരോധിച്ചിരിക്കുകയാണ്. ജനങ്ങൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുന്ന പാർട്ടിയായി ബി.ജെ.പി മാറി. തലശ്ശേരിയിലെ വർഗീയ വോട്ടുകൾ മുന്നണിക്ക് വേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു .
കോൺഗ്രസിന്റെ അങ്കലാപ്പ് ജനങ്ങൾക്ക് കാണാൻ കഴിയുമെന്നും ഗാന്ധി -നെഹ്റു ആശയങ്ങളെ മുറുകെ പിടിച്ച കോൺഗ്രസുകാർ പോലും ഇത്തവണ എൽ.ഡി.എഫിന് വോട്ടു ചെയ്യും.എ.കെ.ആന്റണി പിച്ചും പേയും പറയുകയാണ് കോൺഗ്രസ് തകർച്ചയുടെ പാതാള കുഴിയിലാണ്.കിറ്റ് സർക്കാരെന്ന് പരിഹസിക്കുന്ന കോൺഗ്രസുകാർ അത് നൽകില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് പറയാൻ തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രസക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരീസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും സബിന പത്മൻ നന്ദിയും പറഞ്ഞു. സി.പി.ഐ.നേതാവ് സി.പി. സന്തോഷും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.