തലശ്ശേരി: കളഞ്ഞുകിട്ടിയ 12 പവൻ സ്വർണ്ണാഭരണങ്ങളടങ്ങിയ ബേഗ് ഉടമസ്ഥന് തിരിച്ചുനൽകി ഏഴാം തരം വിദ്യാർത്ഥിയുടെ മാതൃക. ചേറ്റംകുന്ന് ഖദീജാ മൻസിലിൽ സലീമിന്റെയും റുക്സാനയുടെയും മകൻ, തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻ‌ഡറി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് സയാൻ സലീമാണ് കളഞ്ഞുകിട്ടിയ ബാഗ് തിരിച്ചുനൽകിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച ഉമ്മ റുക്സാനയോടൊപ്പം ഒരു കല്യാണത്തിന് പോയി തിരിച്ച് വീട്ടിലേക്ക് വരും വഴിയാണ് സയാന്റെ ശ്രദ്ധയിൽ, ചേറ്റം കുന്ന് ജംഗ്ഷനിൽ വെച്ച് ബാഗ് ശ്രദ്ധയിൽ പെട്ടത്. ആദ്യം ഒരു കടക്കാരനെ ഏൽപ്പിക്കുകയും പിന്നീട്, ഉമ്മ റുക്സാന ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് പൊലീസിനെ ഏൽപ്പിക്കുകയും, തുടർന്ന് പന്ന്യന്നൂരിലുള്ള ഉടമസ്ഥർക്ക് തിരിച്ചേൽപ്പിക്കുകയുമായിരുന്നു.

സ്‌കൂൾ പി.ടി.എയുടെ ആഭിമുഖ്യത്തിൽ മുഹമ്മദ് സയാനെ അനുമോദിച്ചു. സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ.വി. ഗോകുൽദാസ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ ഫാദർ ബിനു ക്ലീറ്റസ് ഉപഹാരം നൽകി. പ്രിൻസിപ്പാൾ ഡെന്നി ജോൺ ഹാരാർപ്പണം നടത്തി. പ്രധാനാദ്ധ്യാപകൻ സി.ആർ. ജെൻസൺ, മദർ.പി.ടി.എ. പ്രസിഡന്റ് രുഗ്മിണി ഭാസ്‌കരൻ, സ്റ്റാഫ് സെക്രട്ടറി ഫിലോമിനാ ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.