election
ഇലക്ഷൻ

കാഞ്ഞങ്ങാട്: രാവിലെ പത്തുമണി. ഇടതുപ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് അപ്രഖ്യാപിത വിലക്കുള്ള കോട്ടപ്പാറയിൽ പതിവ് വിട്ട് ചെങ്കൊടി കെട്ടിയ പ്രചാരണവാഹനം. റവന്യുമന്ത്രിയെന്ന നിലയിൽ ശോഭിച്ച ഇ.ചന്ദ്രശേഖരൻ മൂന്നാമതും വോട്ട് തേടുകയാണ്. 2016ൽ വിജയാഹ്ളാദപ്രകടത്തിനിടെ ഇ.ചന്ദ്രശേഖരനെ ആക്രമിച്ച് കൈയൊടിച്ച സ്ഥലത്ത് നിന്ന് ഏതാനും വാര അകലെയാണ് പ്രചാരണവാഹനമെത്തിയത്.

കഴിഞ്ഞ നിയമസഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത സമയത്ത് ഇ.ചന്ദ്രശേഖരൻ ഒടിഞ്ഞ കൈയുമായാണ് വേദിയിലെത്തിയത്. പടന്നക്കാട്ടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും പ്രവർത്തർക്കൊപ്പം മടങ്ങുമ്പോൾ മാവുങ്കാലിൽ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്. അടിയുറച്ച രാഷ്ട്രീയ ബോദ്ധ്യം കാരണമാകണം കോട്ടപ്പാറയിൽ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന മൈക്കിലൂടെ കേൾക്കാൻ തുറന്നുവച്ച കടകളിലെ സന്ദർശകർ മാത്രം. കാസർകോട് ജില്ലയിൽ ബി.ജെ.പിയുടെ ഉരുക്കുകോട്ട എന്ന നിലയിലാണ് കോട്ടപ്പാറ അറിയപ്പെടുന്നത്.

മൈക്കിൽ സ്ഥാനാർത്ഥിയുടെ സ്വന്തം ശബ്ദത്തിലുള്ള വോട്ടഭ്യർത്ഥന.ഒപ്പം ചെറിയ രീതിയിലുള്ള സ്വയം പരിചയപ്പെടുത്തലും. കർഷക​-കർഷക തൊഴിലാളികളുടെ അവകാശസമരങ്ങളുടെ ചരിത്രഭൂമികയായ മടിക്കൈയിലായിരുന്നു ചന്ദ്രശേഖരന്റെ ഇന്നലത്തെ പര്യടനം. മടിക്കൈയിൽ ബി.ജെ.പിയുടെ നെടുങ്കോട്ട കഴിഞ്ഞ് സി.പി.എമ്മിന്റെ സ്വന്തം ഗ്രാമമായ കുണ്ടേൻവയലിലായിരുന്നു രണ്ടാമത്തെ സ്വീകരണം. സ്ഥാനാർത്ഥിയുടെ വാഹനം കുണ്ടേൻവയലിലേക്ക് പ്രവേശിക്കുന്നതിന് മുമ്പെ സ്വാഗതമോതി ചെങ്കൊടികൾ കെട്ടിയ നിരവധി ബൈക്കുകൾ . ,കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നീലേശ്വരം മുൻ ഏരിയാസെക്രട്ടറിയുമായ ടി.കെ.രവിയുടെ ഉജ്വലപ്രസംഗമാണ് സ്ഥാനാർത്ഥി കടന്നുവരുമ്പോൾ ഇടമുറിഞ്ഞത്. സ്ഥാനാർത്ഥിയെ ഹാരാർപ്പണം ചെയ്യാൻ നിരവധി സംഘടനാപ്രതിനിധികളാണ് വേദിയിലെത്തിയത്. അഞ്ചുവർഷത്തിനിടയിൽ സർക്കാർ നേരിട്ട പ്രതിസന്ധികളും അതിന്റെ അതിജീവനവുമായി ചന്ദ്രശേഖരന്റെ ചെറുപ്രസംഗവും വോട്ടഭ്യർത്ഥനയും .കുണ്ടേൻവയലിൽ നിന്നും സ്ഥാനാർത്ഥിവാഹനം നേരെ മടിക്കൈ മാടത്തിലേക്ക്. സി.ഐ.ടി.യു നേതാവ് വി വി പ്രസന്നകുമാരി പ്രസംഗിക്കുന്നതിനിടെയാണ് ചന്ദ്രശേഖരന്റെ വാഹനം എത്തിയത്. സ്ഥാനാർത്ഥിയുടെ വരവോടെ പ്രസംഗം അവസാനിപ്പിച്ചു. മടിക്കൈയിലെ ചെങ്കോട്ടയായ പൂത്തക്കാലിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത പ്രസംഗിക്കുന്നതിനിടെ ചന്ദ്രശേഖരന്റെ വാഹനമെത്തി. ചെറിയൊരു പ്രസംഗവും വോട്ടഭ്യർത്ഥനയും കഴിഞ്ഞ് നേരെ പച്ചക്കുണ്ടിലേക്ക്. മടിക്കൈയിലെ ഗ്രാമങ്ങളിൽ ലഭിച്ച സ്വീകരണങ്ങളെല്ലാം ആ നാടിന്റെ ഇടത് അനുകൂലമനോഭാവം വിളിച്ചുപറയിക്കുന്നതായിരുന്നു.

*******************************************************

പി .വി .സുരേഷ് പനത്തടിയിൽ
യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി. സുരേഷിന്റെ ഇന്നലത്തെ പര്യടനം പനത്തടി പഞ്ചായത്തിലായിരുന്നു .രാവിലെ 10 മണിയോടെ കോളിച്ചാലിൽ നിന്നായിരുന്നു തുടക്കം. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി. ദേവായിരുന്നു കോളിച്ചാലിലെ ഉദ്ഘാടകൻ. തുടർന്ന് കുളപ്പുറത്തും ചെറുപനത്തടിയിലും പനത്തടിയിലും പെരുതടിയിലുമെത്തി. ഓരോ സ്വീകരണ കേന്ദ്രത്തിലും യു.ഡി.,​എഫ് പ്രവർത്തകരുടെ കൂട്ടമുണ്ടായിരുന്നു.11.30 ന് പുലിക്കടവിലും തുടർന്ന് ചാമുണ്ഡിക്കുന്നിലും പിന്നെ ഓട്ടമലയിലും.ഭക്ഷണത്തിനുശേഷം ബളാംതോട് കാപ്പിത്തോട്ടം അരിപ്രോഡ് ,ചിറങ്കടവ്, കുണ്ടുപ്പള്ളി പരിയാരംഎന്നിവിടങ്ങളിലും പര്യടനം നടത്തി. പാണത്തൂരിലായിരുന്നു സമാപനം.

എം. ബൽരാജ് കാഞ്ഞങ്ങാട്ട്
ബിജെപി ജില്ലാ വൈസ് പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എം ബൽരാജ്.കാഞ്ഞങ്ങാട് നഗരസഭയിലായിരുന്നു ഇന്നലെ .രാവിലെ 8.30ന് പുതിയകോട്ടയിലെ മാരാർജി മന്ദിരത്തിൽ സ്ഥാനാർത്ഥി എത്തി. കാഞ്ഞങ്ങാട് കെ .എസ്. ഇ .ബി സെക്ഷൻ ഓഫീസിലായിരുന്നു ആദ്യസന്ദർശനം.തുടർന്ന് ഭാരത് ബീഡി കമ്പനിയിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥന. ഇവിടെ നിന്ന് കോട്ടച്ചേരി കുന്നുമ്മലിലെത്തിയ സ്ഥാനാർത്ഥി രണ്ട് ആശുപത്രികളിലും പാൽ സൊസൈറ്റിയിലും ബാങ്കിലും കയറി വോട്ടഭ്യർത്ഥിച്ചു. ചെമ്മട്ടംവയൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി ജീവനക്കാരോട് വോട്ടഭ്യർത്ഥിച്ച ശേഷം ജില്ലാആശുപത്രിയിലേക്ക്. അവിടെ രോഗികളോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ച ശേഷം ഹൊസ്ദുർഗ് ബാങ്കിന്റെ കൂളിയാങ്കാൽ ശാഖയിൽ ജീവനക്കാരെ കണ്ട് എൻ.ഡി.എയ്ക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥന.ഇക്കുറി കടുത്ത പോരാട്ടം നടത്തുമെന്നാണ് ബൽരാജിന്റെ ഉറപ്പ്.