തൃക്കരിപ്പൂർ: തങ്കയം താലൂക്ക് ആശുപത്രിയിൽ ശ്രവണ പരിശോധനാ സംവിധാനത്തിനുള്ള അനുമതി ലഭിച്ചു. ഇതിനുളള സ്റ്റാഫും ഉപകരണങ്ങളും എത്തുന്നതോടെ ചികിത്സ ആരംഭിക്കും.

ആശുപത്രി സൂപ്രണ്ട് ഡോ. സുരേശൻ ഡി.എം.ഒയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തു നിന്നുള്ള അനുമതി ലഭിച്ചത്. സ്പീച്ച് തെറാപ്പിയടക്കമുള്ള ചികിത്സാ സൗകര്യമാണ് സമീപഭാവിയിൽ തന്നെ ലഭ്യമാവുക. നവജാത ശിശുക്കളടക്കം എല്ലാ പ്രായത്തിലുമുള്ള ആൾക്കാരുടെ കേൾവി പരിശോധനാ സംവിധാനങ്ങളും അനുബന്ധമായി ഓഡിയോളജിസ്റ്റിനേയുമാണ് ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ കേരളം വഴി അനുവദിച്ചിട്ടുള്ളത്. ഈ ചികിത്സക്ക് വേണ്ടിയുള്ള സ്ഥലസൗകര്യവും കണ്ടെത്തിക്കഴിഞ്ഞു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും കാസർകോട് ജനറൽ ആശുപത്രിയും കഴിഞ്ഞാൽ ഈ സൗകര്യം ലഭിക്കുന്ന ജില്ലയിലെ മൂന്നാമത്തെ ആരോഗ്യ കേന്ദ്രമായി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി മാറും. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലുള്ള തങ്കയം താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സംവിധാനവും ദന്തിസ്റ്റ്, ഓർതോ തുടങ്ങിയ വിവിധ സ്പെഷ്യലിസ്റ്റു ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. നിലവിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പും ഈ ആശുപത്രിയിൽ നടന്നുവരുന്നുണ്ട്.