pachasabha
panchasabha

കുഞ്ഞിരാമന്റെ അശ്രാന്തപരിശ്രമം

ബാവിക്കര കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതിന് പിന്നിൽ ഉദുമ എം. എൽ. എ കെ. കുഞ്ഞിരാമന്റെ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ട് മാത്രമാണെന്ന് കാസർകോട്ടെ എൽ .ഡി .എഫ് സ്ഥാനാർത്ഥി എം .എ. ലത്തീഫ്. കാസർകോട്ടെ ജനങ്ങൾ ഉപ്പുവെള്ളം കുടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. യു ഡി എഫ് സർക്കാർ ഇവിടെ ഉണ്ടായിട്ടുണ്ട്. എൻ എ നെല്ലിക്കുന്നിന്റെ പാർട്ടി നേതാക്കൾ മന്ത്രി ആയിട്ടുണ്ട്. അന്നൊന്നും പരിഹാരം കാണാതെയാണ് ഇപ്പോൾ അവകാശവാദവുമായി രംഗത്തിറങ്ങുന്നത് .

ഇടതുസർക്കാരിന്റെ ഏറ്റവും മികച്ച ഭരണനേട്ടമാണ് കാസർകോട്ടെ ജനങ്ങളെ ശുദ്ധജലം കുടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയത്. ഉദുമ മണ്ഡലത്തിലെ മുളിയാർ പഞ്ചായത്തിലാണ് ബാവിക്കര കുടിവെള്ള പദ്ധതി സ്ഥിതിചെയ്യുന്നത്. പദ്ധതി നടപ്പിലായി കിട്ടാൻ ആത്മാർത്ഥമായി പരിശ്രമിച്ചത് ഉദുമ എം .എൽ .എ യാണ്. ജയിച്ചാൽ മാലിന്യമുക്ത നഗരമായി കാസർകോടിനെ മാറ്റും. വികസനത്തിന് മാസ്റ്റർ പ്ലാൻ കൊണ്ടുവരുമെന്നും എം എ ലത്തീഫ് പറഞ്ഞു.

ഉമ്മൻചാണ്ടിക്കും കൊടുത്തു ഉപ്പുവെള്ളം
കാസർകോട്: അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വാട്ടർ അതോറിറ്റി കാസർകോട്ടെ ജനങ്ങൾക്ക് കുടിക്കാൻ കൊടുക്കുന്ന അതേ വെള്ളമാണ് ഞങ്ങൾ നൽകിയതെന്ന് എൻ ഡി എ സ്ഥാനാർത്ഥി അഡ്വ. കെ ശ്രീകാന്ത് . നമ്മൾ ഇതാണ് കുടിക്കുന്നത് , സാർ ഇതൊന്ന് കുടിക്കണമെന്ന് പറഞ്ഞു. അദ്ദേഹമാണ് പറഞ്ഞത് ഇത് ഉപ്പുവെള്ളം തന്നെയാണെന്ന്.

മുഖ്യമന്ത്രിക്ക് വേദിയിൽ പോയി ഉപ്പുവെള്ളം നൽകിയത് ശരിയോ തെറ്റോ എന്നതല്ല . അന്ന് അങ്ങിനെ ചെയ്തതിൽ ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇനിയും അത്തരം സമരം ചെയ്യും. പതിറ്റാണ്ടുകളായി ലീഗിനെ മാത്രം ജയിപ്പിച്ചത് കാസർകോട് മണ്ഡലത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ നിലനിൽക്കുകയാണ്. ബി ജെ പി വരാൻ പാടില്ലെന്ന അജണ്ട യു ഡി എഫും എൽ ഡി എഫും നടപ്പിലാക്കുകയാണ്. 10 വർഷമായി എൻ എ നെല്ലിക്കുന്ന് എം എൽ എ ആയിട്ട് ഈ മണ്ഡലത്തിന് എന്ത് ഗുണമാണ് കിട്ടിയത്. ഏറ്റവും കുറഞ്ഞ തുക വികസനത്തിന് ചിലവഴിച്ച മണ്ഡലമായി ഇത് മാറിയെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി..

പരിശ്രമം എന്റേത് തന്നെ

കാസർകോട്: കാസർകോട് ജനങ്ങൾ വർഷങ്ങളായി ഉപ്പുവെള്ളം കുടിക്കുന്ന പ്രശ്നത്തിന് പരിഹരിച്ചത് തന്റെ ഇടപെടലിലൂടെയാണെന്ന് യു. ഡി എഫ് സ്ഥാനാർത്ഥി എൻ. എ. നെല്ലിക്കുന്ന്. ഇതിന്റെ പേരിൽ ഒരുപാട് വിമർശനം കേൾക്കേണ്ടി വന്നിട്ടുള്ള ജനപ്രതിനിധിയാണ് ഞാൻ. ഈ മണ്ഡലത്തിന്റെ ഒരു പ്രശ്നം ഉദുമ മണ്ഡലത്തിലെ എം .എൽ. എ വന്നിട്ട് പരിഹരിച്ചു എന്നുപറയുന്നത് തെറ്റിദ്ധാരണാജനകമാണ്.

1998 ൽ എട്ടര കോടിയുടെ കരാർ പദ്ധതി കൃത്യമായി നടത്തുന്നതിന് പി. ജെ. ജോസഫ് ജലസേചന മന്ത്രിയായിരിക്കെ 35 ശതമാനം വർദ്ധിപ്പിച്ചത് കൊണ്ടാണ് ബാവിക്കര പദ്ധതി ഇന്ന് പൂർത്തിയായത്. ആ പദ്ധതിയുടെ വഴിത്തിരിവായിരുന്നു അതെന്നും അല്ലെങ്കിൽ ഇന്നും ഉപ്പുവെള്ളം തന്നെ കുടിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ വികസനത്തിനായി 468 കോടിയുടെ പദ്ധതികൾ നടപ്പിലാക്കി. എന്നാൽ കേന്ദ്ര സംസ്ഥാന-സർക്കാരുകൾ ഈ നാടിനെ അവഗണിക്കുകയാണ്. അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് കിട്ടാൻ എം എൽ എ യ്ക്ക് വണ്ടിയിൽ യാത്ര ചെയ്ത് ചങ്ങല വലിക്കേണ്ടിവന്നുവെന്നും എൻ എ നെല്ലിക്കുന്ന് പറഞ്ഞു.