
കണ്ണൂർ: വോട്ടെടുപ്പ് കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 3100 പോളിംഗ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് . ബൂത്തിൽ നടക്കുന്ന കാര്യങ്ങൾ തത്സമയം നിരീക്ഷിക്കാൻ സൗകര്യമൊരുക്കുന്നതാണ് വെബ്കാസ്റ്റിംഗ് സംവിധാനം. ബി.എസ്.എൻ.എൽ കവറേജ് ലഭ്യമല്ലാത്ത 37 ബൂത്തുകളിൽ സി.സി ടി.വി കാമറ സ്ഥാപിക്കും.
വെബ്കാസ്റ്റിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിന് ഓരോ പോളിംഗ്‌കേന്ദ്രത്തിലും ഒരു ഓപ്പറേറ്റർ ഉണ്ടാവും. അക്ഷയ കേന്ദ്രങ്ങൾ മഖേനയാണ് ഓപ്പറേറ്റർമാരെ നിയമിക്കുന്നത്. ഇവർക്ക് പുറമെ വെബ്കാസ്റ്റിംഗ് സംവിധാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാറുകൾ ഉണ്ടായാൽ പരിഹരിക്കുന്നതിന് രണ്ട് പേർ അടങ്ങുന്ന സംഘത്തെ ഫീൽഡ് ഓപ്പറേറ്റർമാരായും നിയമിച്ചിട്ടുണ്ട്.ജില്ലയിലെ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടെടുപ്പ് തൽസമയം നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റിലാണ് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം സജ്ജീകരിക്കുന്നത്. കെൽട്രോണും ജില്ലാ നിർമിതി കേന്ദ്രയും ചേർന്ന് ഇതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കും.
150 വ്യൂവിംഗ് സൂപ്പർവൈസർമാർ
150 ലേറെ വ്യൂവിംഗ് സൂപ്പർവൈസർമാർ കൺട്രോൾ റൂമിൽ നിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കും. ഇതിനായി 150ലേറെ കംപ്യൂട്ടറുകളും ഇവിടെ ഒരുക്കും. ഒരോ സൂപ്പർവൈസർക്കും നിശ്ചിത ബൂത്തുകളുടെ ചുമതല നൽകും. ഹൈ സ്പീഡ് ഇന്റർനെറ്റ് ഉപയോഗിച്ച് വെബ്കാസ്റ്റിംഗ് നടത്തുന്നതിനാൽ പോളിംഗ് ബൂത്തുകളിലെ വ്യക്തമായ ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ ലഭ്യമാവും. ഓരോ ബൂത്തിലും അപ്പപ്പോൾ നടക്കുന്ന കാര്യങ്ങൾ കൺട്രോൾ റൂമിൽ നിന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർ തത്സമയം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.