bus
ബസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരം സ്പർശിച്ച് പുതിയ സ്വകാര്യ ബസ് പെർമിറ്റുകൾ ലഭിക്കാൻ നോട്ടിഫൈഡ് വ്യവസ്ഥ തടസമാകുന്നു. പുതിയ ബസ് സ്റ്റാൻഡിൽ നിന്നും കാഞ്ഞങ്ങാട് നഗരം വഴി മാവുങ്കാൽ വരെ അഞ്ച് കിലോ മീറ്ററിലധികം ദൂരമുള്ളതാണ് പെർമിറ്റ് ലഭിക്കാൻ തടസമാകുന്നത്. മലയോരത്തേക്കുള്ള ബസുകൾ നേരത്തെ പഴയ ബസ് സ്റ്റാൻഡിൽ നിന്നും മാവുങ്കാൽ വരെയുള്ള 3.1 കിലോ മീറ്റർ മാത്രം നോട്ടിഫൈഡ് റൂട്ടിൽ സർവീസ് നടത്തിയാൽ മതിയായിരുന്നു. എന്നാൽ കാഞ്ഞങ്ങാട് നഗരത്തിൽ എത്തുന്ന എല്ലാ ബസുകളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിക്കണം എന്ന വ്യവസ്ഥയാണ് വെല്ലുവിളിയാകുന്നത്.

ആകെ ഓടുന്ന റൂട്ട് ദൈർഘ്യത്തിൽ ദേശസാൽക്കൃത റൂട്ടുകളിൽ പരമാവധി അഞ്ച് കിലോ മീറ്ററോ, അല്ലെങ്കിൽ അഞ്ച് ശതമാനമോ മാത്രമേ അനുമതി നൽകൂ. പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ ബസ് സ്റ്റാൻഡ് വരെ കൂടുതലായി ഓടേണ്ടി വരുമ്പോൾ ദൂരം 5.1 കിലോ മീറ്ററാകുമെന്നതാണ് പ്രശ്നമാകുന്നത്.

ഫെബ്രുവരി 26 ന് ചേർന്ന കാസർകോട് ആർ.ടി.എ. യോഗത്തിൽ ഇത്തരത്തിൽ രണ്ട് അപേക്ഷകൾ മാറ്റിവയ്ക്കുകയായിരുന്നു. യാത്രാ സൗകര്യം പരിമിതമായ തലപ്പച്ചേരി-കുറ്റിക്കോൽ-അടൂർ-ഉദയപുരം-ഒടയംചാൽ-കല്ല്യോട്ട്-പാറപ്പള്ളി-കാഞ്ഞങ്ങാട് റൂട്ടിലേക്ക് നൽകിയ അപേക്ഷയാണ് പരിഗണിക്കാത്തതിൽ ഒന്ന്. കെ.എസ്.ആർ.ടി.സി. അധികൃതരുടെ ഇടപെടലാണ് തടസമായത്. മറ്റ് യാത്രാ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത പ്രദേശത്തേക്ക് കെ.എസ്.ആർ.ടി.സി. സർവീസുകളൊന്നും ഇല്ലെന്നിരിക്കെയാണ് ഇത്തരം പ്രതിസന്ധി. ഈ ബസ് സർവീസിന് അപേക്ഷിച്ച റൂട്ടിൽ പാറപ്പള്ളി മുതൽ കൊട്ടോടി വരെ 15 കിലോ മീറ്റർ ദൂരവും ദേവറടുക്കം മുതൽ പള്ളങ്കി വരെ 15 കിലോ മീറ്റർ ദൂരത്തിലും വേറെ ഒരു ബസുമില്ല.

കാഞ്ഞങ്ങാട്-അടുക്കം-പാണത്തൂർ-കല്ല്യോട്ട്-ഉദയപുരം-കൊട്ടോടി-ഒടയംചാൽ റൂട്ടിലാണ് രണ്ടാമത്തെ ബസ് പെർമിറ്റിന് അപേക്ഷിച്ചത്. ഈ ബസിന് 80.40 കിലോ മീറ്റർ ദൂരം ഗ്രാമീണ റൂട്ടിൽ ഓടാൻ അനുമതി തേടിയിട്ടും 5.1 കിലോ മീറ്റർ ഭാഗം ദേശസാൽകൃത പാതയിലായതിനാൽ അനുമതി ലഭിച്ചില്ല. സർക്കാർ ഇടപെടൽ മാത്രമാണ് ഇതിനു പരിഹാരമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

വാവടുക്കം, മൂന്നാംകടവ്, ആയംകടവ്, കൊളത്തൂർ, മാണിമൂല എന്നിവിടങ്ങളിലൊക്കെ നല്ല റോഡുണ്ട്. പക്ഷെ, ജനങ്ങൾക്ക് സഞ്ചരിക്കാൻ ബസില്ല

നാട്ടുകാരനായ ഭരതൻ

മാസം നാൽപതിനായിരത്തിലേറെ ലോൺ അടവുള്ള ബസ് വാങ്ങിയിട്ട് പെർമിറ്റ് കിട്ടാത്തത് വൻ കുടുക്കാണ്.

ബസ് ഉടമകൾ