rajitha-madhu

കണ്ണൂർ: പതിനാറാം വയസിൽ ആദ്യമായി അരങ്ങുകണ്ട രജിത മധുവിന് അന്നുകിട്ടിയ 75 രൂപ അമ്മയുടെ കൈയിലേക്ക് കൊടുത്തപ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷമായിരുന്നു. അന്നു മുതൽ നാടകത്തിന് സമർപ്പിച്ചതാണ് ആ ജീവിതം.

കയ്യൂർ സമരത്തിന്റ കഥ പറഞ്ഞ -അബൂബക്കറിന്റെ ഉമ്മ പറയുന്നു- എന്ന ഒറ്റയാൾ നാടകം മതി രജിതയെ ഒാർക്കാൻ. അബൂബക്കറിന്റെ ഉമ്മയിലൂടെ 2805 വേദികളിലും തെരുവുകളിലുമായി രജിത കയ്യൂർ സമരകഥ പറഞ്ഞു .ലോകനാടക ചരിത്രത്തിൽ ഇടം നേടിയിരിക്കയാണ് ഈ ഒറ്റയാൾ നാടകം.2002ൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കരിവെള്ളൂർ മുരളിയാണ് നാടകം സംവിധാനം ചെയ്തത്.അന്ന് 40 പേർ വരെ അഭിനയിച്ച നാടകം പിന്നീട് പൊളിച്ചെഴുതി ഒറ്റയാൾ നാടകമാക്കുകയായിരുന്നു.

38 വർഷത്തിനിടയിൽ 10,000ൽ അധികം വേദികളിൽ നിരവധി നാടകങ്ങളിൽ വേഷമിട്ടു രജിത.പഴയ പള്ളിക്കുന്ന് ബോർഡ് സ്കൂളിൽ പഠിക്കുമ്പോൾ അഴീക്കോടൻ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചറാണ് കലാരംഗത്തേക്ക് കൂട്ടിക്കൊണ്ടുപോയത്.വീട്ടിലെ സാമ്പത്തിക പരാധീനത കാരണം പഠനം പത്താം തരത്തിൽ ഉപേക്ഷിക്കേണ്ടി വന്നു. അച്ഛൻ മരിച്ചതോടെ കൂലിപ്പണി ചെയ്തിരുന്ന അമ്മയെ സംരക്ഷിക്കുക ,പട്ടിണി മാറ്റുകയെന്ന ഒറ്റ ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ.അങ്ങനെയാണ് അയൽവക്കത്തെ സരസ്വതിയേച്ചിയുടെ ഒപ്പം നാടക രംഗത്തേക്ക് കടന്നത്.

ആ യാത്രയിൽ അവാർഡുകൾക്ക് പഞ്ഞമുണ്ടായില്ല. 1989ൽ ഏറ്റവും നല്ല നടിക്കുള്ള സംഗീത നാടക അക്കാഡമിയുടെ അവാർഡ് , 2002ൽ ആകാശവാണിയുടെ നല്ല നടിക്കുള്ള അവാർഡ്, 2016ൽ ഏറ്റവുമധികം ഏകാംഗ നാടകം ചെയ്തതിന് യു.ആർ.എഫ് ലോക അവാർഡ്,നിരവധി അമച്വർ നാടക മത്സരത്തിന് അംഗീകാരം എന്നിവ തേടിയെത്തി. 2018ൽ കേരള സർക്കാർ വനിതാ രത്ന പുരസ്ക്കാരം നൽകി ആദരിച്ചു.

പ്രിയനന്ദനന്റെ നെയ്ത്തുകാരനിലും രജിത വേഷമിട്ടു. കെ.എസ്.ഇ.ബി റിട്ട. അസി.എൻജിനീയറായ മധുവാണ് ഭർത്താവ്. എം.ആർ.തില്ലാന.എം.ആർ.മിഥുൻ എന്നിവർ മക്കളാണ്.