
കണ്ണൂർ :മികച്ച സജ്ജീകരണങ്ങളുമായി കണ്ണൂർ ജില്ലയിൽ ഇത്തവണ 49 മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും. വോട്ടു ചെയ്യാനെത്തുന്നവർക്കായി അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിൽ ഉണ്ടാകും.
കുടിവെള്ളം, വെളിച്ചം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം, വോട്ടർ സഹായ കേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള റാംപ് സംവിധാനം, വീൽചെയർ എന്നിവക്കു പുറമെ, വോട്ടർമാർക്കുള്ള വിശ്രമകേന്ദ്രം, തണലിടം, ദിശാസൂചകങ്ങൾ, വളണ്ടിയർ സേവനം തുടങ്ങിയവ സൗകര്യങ്ങൾ മാതൃകാ പോളിംഗ് സ്റ്റേഷനുകളിലുണ്ടാകും.
പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ടാണ് ഇവയുടെ പ്രവർത്തനം. പയ്യന്നൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ ഒരുക്കിയിട്ടുള്ളത്. ഏഴ് എണ്ണം. ഒന്നുവീതമുള്ള തലശ്ശേരി, പേരാവൂർ മണ്ഡലങ്ങളിലാണ് കുറവ്. കൂത്തുപറമ്പ്, കല്യാശ്ശേരി, തളിപ്പറമ്പ, ഇരിക്കൂർ, അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ മണ്ഡലങ്ങളിൽ അഞ്ചു വീതവും മാതൃകാ പോളിംഗ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും.
മണ്ഡലങ്ങളിൽ ഒരു വനിതാ പോളിംഗ് സ്‌റ്റേഷനും
ജില്ലയിലെ എല്ലാ മണ്ഡലത്തിലും ഓരോ വനിതാ പോളിംഗ് സ്‌റ്റേഷനുകൾ പ്രവർത്തിക്കും. പോളിംഗ് ഓഫീസർ മുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വരെ ഇവിടെ വനിതകളായിരിക്കും.പയ്യന്നൂർ: പയ്യന്നൂർ സെൻട്രൽ യു പി സ്‌കൂൾ, കല്ല്യാശ്ശേരി: ചെറുവിച്ചേരി ജിഎൽപി സ്‌കൂൾ, തളിപ്പറമ്പ: തളിപ്പറമ്പ് സർ സയ്യിദ് ഹയർസെക്കണ്ടറി സ്‌കൂൾ, ഇരിക്കൂർ: വയത്തൂർ എ യു പി എസ്, അഴീക്കോട്: വി കെ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, കണ്ണൂർ: താവക്കര ഗവ. യു പി സ്‌കൂൾ, ധർമ്മടം: മുഴപ്പിലങ്ങാട് മുല്ലപ്രം ഭാഗം ഗവ. എൽ പി സ്‌കൂൾ, തലശ്ശേരി: പന്നോൽ മാപ്പിള എൽ പി എസ്, കൂത്തുപറമ്പ്: വിജ്ഞാനോദയം എൽ പി എസ്, നൂഞ്ഞുമ്പ്രം, മട്ടന്നൂർ: കൂടാളി ഹൈസ്‌കൂൾ, പേരാവൂർ: സെന്റ് ജോൺസ് യു പി സ്‌കൂൾ സ്‌പെഷ്യൽ ബിൽഡിംഗ്.