
കാസർകോട്: മഞ്ചേശ്വരം മിയാപദവ് കുളവയലിൽ ഗുണ്ടാസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ വെടിവച്ചു. ബിയർക്കുപ്പി കൊണ്ടുള്ള ഏറിൽ മഞ്ചേശ്വരം എസ്.ഐക്ക് പരിക്കേറ്റു. കർണാടകയിലേക്ക് കടന്ന സംഘം വിട്‌ള പൊലീസിനു നേർക്കും വെടിയുതിർത്തെങ്കിലും മൂന്നു പേരെ പിടികൂടി. മാഫിയ തലവൻ റഹീം ഉൾപ്പെടെ രണ്ടുപേർ കടന്നുകളഞ്ഞു. വ്യാഴാഴ്ച രാത്രിയും ഇന്നലെ വെളുപ്പിനുമായാണ് സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിയത്.
വ്യാഴാഴ്ച വൈകിട്ട് ഉപ്പള ഹിദായത്ത് നഗറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം മിയാപദവിൽ കാറിൽ കറങ്ങുന്നുണ്ടെന്ന വിവരം അറിഞ്ഞാണ് കാസർകോട് ഡിവൈ.എസ്.പി. പി.പി സദാനന്ദന്റെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡും കുമ്പള, മഞ്ചേശ്വരം പൊലീസും പരിശോധന തുടങ്ങിയത്. നാല് ജീപ്പുകളിലും ബസിലുമായി 25ലേറെ പൊലീസുകാരുണ്ടായിരുന്നു. സന്ധ്യയ്ക്ക് അക്രമിസംഘത്തിന്റെ കാർ മിയാപ്പദവിൽ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടെങ്കിലും പിടികൂടാനായില്ല. തലങ്ങും വിലങ്ങും കാർ ഓടിച്ച സംഘം കുളവയലിൽ എത്തിയപ്പോഴേക്കും പിന്നാലെ പൊലീസുമെത്തി.
ഇതിനിടെ നമ്പർ പ്ലേറ്റില്ലാത്ത നിലയിൽ വഴിയിൽ കണ്ടെത്തിയ സ്വിഫ്റ്റ് കാർ പൊലീസ് ജീപ്പിൽ വലിച്ചുകെട്ടി റോഡിലേക്ക് എടുക്കുന്നതിനിടെ അവിടെയെത്തിയ ഗുണ്ടാസംഘം പൊലീസിന് നേരെ വെടിയുതിർത്തു.ആ കാർ ഗുണ്ടാസംഘത്തിന്റേതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
അക്രമികൾ എറിഞ്ഞ ബിയർകുപ്പി പൊട്ടിത്തെറിച്ച് എസ്.ഐ ബാലകൃഷ്ണന്റെ കൈക്കാണ് പരിക്കേറ്റത്.
അക്രമിസംഘം കർണാടകയിലേക്ക് രക്ഷപ്പെട്ടതോടെ മഞ്ചേശ്വരം പൊലീസ് കർണാടകയിലെ സുള്യ, വിട്ള, പുത്തൂർ സ്റ്റേഷനുകളുടെ സഹായം തേടി. പുലർച്ചെ ഒരു മണിക്ക് വിട്‌ള പൊലീസ് ഗുണ്ടാ സംഘത്തിന്റെ കാർ തടഞ്ഞപ്പോൾ അവർക്കു നേരെയും വെടിവച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ പിടികൂടി. കാറും കസ്റ്റഡിയിലെടുത്തു.
പ്രതികളെ കേരള പൊലീസിന് വിട്ടുനൽകിയില്ല
വിട്‌ള പൊലീസ് പിടിച്ച മൂന്ന് പേരയും മഞ്ചേശ്വരം പൊലീസിന് കൈമാറിയില്ല. പ്രതികളെ വിട്ടുകിട്ടുന്നതിന് മഞ്ചേശ്വരം പൊലീസ് പുലർച്ചെ തന്നെ വിട്‌ള സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ, തങ്ങൾക്കു നേരെയും വെടി വച്ചതാനാൽ ആംസ് ആക്ടും വധശ്രമവും ചേർത്ത് വിട്‌ളയിലും കേസെടുത്തെന്നും പ്രതികളെ വിട്ടുനൽകില്ലെന്നുമാണ് കർണാടക പൊലീസിന്റെ നിലപാട്. മഞ്ചേശ്വരം പൊലീസും ഇതേവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഗുണ്ടാസംഘം ഒളിപ്പിച്ച കാറിൽ
110 കിലോ കഞ്ചാവും തോക്കുകളും
കാസർകോട്:പൊലീസിനുനേർക്ക് വെടിവെച്ച് രക്ഷപ്പെട്ട പ്രതികളെ പിടികൂടാനുള്ള റെയ്ഡിൽ 110 കിലോ കഞ്ചാവും തോക്കുകൾ അടക്കമുള്ള ആയുധങ്ങളും കണ്ടെത്തി. മിയാപദവ് കുന്നിൻ മുകളിലുള്ള കാടുമൂടിയ പ്രദേശത്തുനിന്നാണ് കാറിൽ സൂക്ഷിച്ച 110 കിലോ കഞ്ചാവും 55 ഗ്രാം എം.ഡി.എം.എയും മാരകായുധങ്ങളും കാസർകോട് ഡിവൈ.എസ്.പി പി. പി.സദാനന്ദൻ, ഇൻസ്പെക്ടർ അരുൺ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിച്ചെടുത്തത്.
തോക്കുകൾ, തിര, കമ്പിവടികൾ, സൈക്കിൾ ചെയിൻ എന്നിവ കാറിൽനിന്നു കണ്ടെടുത്തു. അതിർത്തിയിലെ മാഫിയാ തലവൻ റഹീമിന്റെ ഉടമസ്ഥതയിലുള്ളതാണ് കഞ്ചാവുമായി പിടിയിലായ കാറെന്ന് പൊലീസ് പറഞ്ഞു.
ഗുണ്ടാസംഘം നടത്തിയ വെടിവെപ്പിൽ പൊലീസ് ജീപ്പിന്റെ ഡ്രൈവറുടെ ഭാഗത്തുള്ള ഡോറിൽ വെടികൊണ്ട പാടുണ്ട്.