കാസർകോട്: കുറ്റിക്കോൽ റബ്ബർ ഫാർമേഴ്‌സ് സഹകരണ സംഘം തിരഞ്ഞെടുപ്പിൽ മത്സരം സി.പി.എമ്മും സി.പി.ഐയും തമ്മിൽ. സംഘത്തിൽ ആയിരത്തി അഞ്ഞൂറോളം അംഗങ്ങളുണ്ട്.

സി.പി.എമ്മിൽ നിന്നും രാജിവച്ച് സി.പി.ഐയിലെത്തിയ പി. ഗോപാലനാണ് നിലവിൽ സംഘത്തിന്റെ പ്രസിഡന്റ്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏപ്രിൽ നാലിനാണ് തിരഞ്ഞെടുപ്പ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എൽ.ഡി.എഫിലെ പ്രബലരായ രണ്ട് കക്ഷികൾ തമ്മിൽ മത്സരിക്കുന്നത് ഒഴിവാക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. കോൺഗ്രസ് പ്രവർത്തകരും സൊസൈറ്റിയിൽ അംഗങ്ങളായുണ്ട്. കോൺഗ്രസ്, സി.പി.ഐ. പാനലിന് പിന്തുണ നൽകുമെന്നാണ് മനസിലാക്കുന്നത്.

11 അംഗ ഭരണസമിതിയിലേക്ക് 19 പേരാണ് മത്സര രംഗത്തുള്ളത്. ഇന്നലെയായിരുന്നു പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. അതേസമയം, കുറ്റിക്കോൽ സംഘത്തിൽ മാത്രമല്ല കുറ്റിക്കോൽ, ബേഡകം, മുളിയാർ ഭാഗങ്ങളിൽ എൽ.ഡി.എഫിലെ ഘടകകക്ഷിയായ സി.പി. എമ്മും സി.പി.ഐയും തമ്മിൽ നാളുകളായി അഭിപ്രായഭിന്നതയിലാണെന്ന് ഉദുമ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. എന്നാൽ ഉദുമയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.എച്ച് കുഞ്ഞമ്പു ഈ ആരോപണം പൂർണ്ണമായും തള്ളി. കുറ്റിക്കോൽ സംഘം തിരഞ്ഞെടുപ്പ് ചെറിയ കാര്യമാണെന്നും ഉദുമ മണ്ഡലത്തിൽ എവിടെയും മുന്നണിയിലെ പാർട്ടികൾ തമ്മിൽ ഭിന്നതയില്ലെന്നും തിരഞ്ഞെടുപ്പിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.