ഉദുമ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ വിഷയങ്ങളെക്കുറിച്ച് കാസർകോട് പ്രസ് ക്ളബ്ബ് സംഘടിപ്പിച്ച 'പഞ്ചസഭ'യിൽ പ്രതികരിച്ചപ്പോൾ
ആദ്യം ബൂത്തുകളിൽ ഏജന്റിനെ ഇരുത്തു : സി. എച്ച് .കുഞ്ഞമ്പു (എൽ.ഡി.എഫ്)
പതിവായി ജയിക്കുന്ന ഉദുമയെ പോലുള്ള മണ്ഡലത്തിൽ കള്ളവോട്ടിന്റെ ആവശ്യം തന്റെ മുന്നണിക്കില്ല. ഉദുമയിലെ എല്ലാ ബൂത്തുകളിലും യു ഡി എഫ് ഏജന്റുമാരെ ഇരുത്തട്ടെ. എന്നാൽ കോൺഗ്രസിന് ഒരു പ്രവർത്തകൻ പോലുമില്ലാത്ത സ്ഥലത്ത് ഏജന്റായി ആളെ നിയോഗിക്കാൻ സി.പി.എമ്മിന് ബാധ്യതയില്ലല്ലോ.
പെരിയയിൽ ഇരട്ടവോട്ടുകൾ ചേർത്തത് കോൺഗ്രസ് നേതാക്കളാണ്. കേരളത്തിൽ തുടർ ഭരണം ഉറപ്പാണ്. ഉദുമയിലും ഇടതിന് തുടർച്ച ഉണ്ടാകും. കെ. കുഞ്ഞിരാമൻ തുടങ്ങിവച്ച പദ്ധതികൾ പൂർത്തിയാക്കും. ബാവിക്കര കുടിവെള്ള പദ്ധതിയിൽ നിന്ന് ഉദുമ മണ്ഡലത്തിലെ ജനങ്ങൾക്കും കുടിവെള്ളം നൽകും. പുഴകളെ ബന്ധിപ്പിച്ചു ടൂറിസം പദ്ധതികൾ നടപ്പിലാക്കും. കേരളത്തിൽ എയിംസ് അനുവദിക്കുമ്പോൾ അത് ഉദുമ മണ്ഡലത്തിൽ സ്ഥാപിക്കുന്നതിന് മുൻകൈ എടുക്കും.
ഏജന്റിനെ ഇരുത്താൻ അനുവദിക്കുമോ : ബാലകൃഷ്ണൻ പെരിയ(യു.ഡി.എഫ്)
ഇടതുമുന്നണി കള്ളവോട്ട് എന്ന് അവസാനിപ്പിക്കുന്നുവോ അന്ന് യു.ഡി.എഫ് ഉദുമയിൽ ജയിക്കും. പെരിയയിലെ കുമാരിയുടെ ഒരുവോട്ട് ചേർത്തത് കോൺഗ്രസ് ആണ്. മറ്റു നാല് വോട്ടുകൾ വന്നത് സി.പി.എമ്മിന്റെ പണിയാണ്. കള്ളവോട്ട് ചെയ്യുന്നില്ല ,ഇരട്ടവോട്ട് ചേർത്തിട്ടില്ലെന്ന് സി പി എം പറയുന്നുണ്ടെങ്കിൽ ഉദുമ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും യു ഡി എഫിന്റെ ഏജന്റുമാരെ ഇരുത്താൻ സമ്മതിക്കുമോ . പുതിയ ഉദുമയാണ് തങ്ങൾ ലക്ഷ്യം ഇടുന്നത്. സ്റ്റാർട്ടപ് വില്ലേജ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനം, ആരോഗ്യമേഖലയിൽ വൻകിട സംരഭം, വ്യവസായ സ്ഥാപനം, ടൂറിസം പദ്ധതികൾ എന്നിവ കൊണ്ടുവരും.
കള്ളവോട്ട് യാഥാർത്ഥ്യമാണ് : എ വേലായുധൻ(എൻ.ഡി.എ)
ഉദുമ മണ്ഡലത്തിൽ സി പി എം വ്യാപകമായി കള്ളവോട്ടുകൾ ചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം കണ്ടെത്തിയ ഇരട്ടവോട്ടുകൾ യാഥാർത്ഥ്യമാണ്. മണ്ഡലത്തിലെ കുണ്ടംകുഴി പോലുള്ള സി.പി.എം കേന്ദ്രങ്ങളിൽ പാർട്ടി ഓഫീസുകൾ പോലും തുറക്കാൻ സമ്മതിക്കാത്ത സ്ഥിതിയാണ്. ഓഫീസുകൾക്ക് നേരെ പലതവണ അക്രമം ഉണ്ടായി. ഇത് പേടിച്ചു വാടക കെട്ടിടത്തിൽ ഓഫീസ് തുറക്കുന്നത് തന്നെ നിർത്തി. രണ്ടു മുന്നണികളെയും അട്ടിമറിച്ചു ഉദുമയിൽ ഇത്തവണ എൻ. ഡി .എ ജയിക്കും. നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ താൻ ജയിക്കുകയും എൻ ഡി എ അധികാരത്തിൽ വരികയും ചെയ്താൽ ഉദുമയിൽ നടപ്പിലാക്കും. സി പി എം മാത്രം ജയിക്കുന്ന മണ്ഡലത്തിൽ വികസനം എത്തിനോക്കിയിട്ടില്ല. നല്ല റോഡുകൾ പോലും മണ്ഡലത്തിലില്ല. ദേലമ്പാടി പഞ്ചായത്തിൽ ഗതാഗത പ്രശ്നം കൊണ്ട് ജനങ്ങൾ വലയുകയാണ്. മുന്നണികൾ ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണെന്നും എ വേലായുധൻ പറഞ്ഞു.