പാപ്പിനിശേരി: പാപ്പിനിശേരി റെയിൽവേ ഓവർബ്രിഡ്ജിനു ഭീഷണിയായി കോൺക്രീറ്റു സ്ലാബുകൾക്ക് വിള്ളൽ. പാലത്തിന്റെ ഏതാണ്ട് മധ്യഭാ ത്താണ് വിള്ളൽ രൂപപ്പെട്ടത്. എക്സ്പൻഷൻ ജോയിന്റിന്റെ ഇരുഭാഗങ്ങളിലേക്കുമായി രൂപപെട്ട വിള്ളലിന് രണ്ട് മീറ്ററിലേറെ നീളവും മൂന്ന് ഇഞ്ചിലേറെ വീതിയുമുണ്ട്.

വെള്ളിയാഴ്ച രാവിലെ അണ്ടർ പാസേജ് വഴി കടന്നു പോയ വാഹനയാത്രക്കാരാണ് കോൺക്രീറ്റ് അടർന്ന് വീഴുന്നത് കണ്ടത്. പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇടക്കിടെ കോൺക്രീറ്റ് അടർന്നു വീഴുന്നുണ്ട്. പാലത്തിന്റെ മുകൾഭാഗത്ത് വലിയ തോതിൽ വിള്ളലുകളും എക്സ്പാൻഷൻ ജോയിന്റുകളുടെ തകർച്ചയും ഉണ്ടായിരുന്നു.

620 മീറ്റർ നീളമുള്ള പാലത്തിൽ 23 സ്ലാബുകളാണുള്ളത്. എല്ലാ സ്ലാബുകളുടെയും ജോയിന്റുകൾക്കു സമീപവും ജോയിന്റിലെ കാസ്റ്റ് അയേൺ ബെൽട്ടുകളും പൂർണമായും തകർന്നിരുന്നു. തകർച്ച രൂക്ഷമായതോടെ ഫെബ്രുവരി 11ന് വിജിലൻസ് സംഘം പരിശോധന നടത്തി ഗുരുതര ക്രമക്കേടെന്ന് പ്രഥമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു
പാലാരിവട്ടം പാലം നിർമിച്ച ആർ.ഡി.എസ് കമ്പനിയാണ് നിർമാണം നടത്തിയത്. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബുരാജ് പെരിങ്ങോത്തിന്റെ നേതൃത്വത്തിലായിരുന്നു വിജിലൻസ് ഉന്നത സംഘത്തിന്റെ പരിശോധന.
2017ൽ നിർമാണം പൂർത്തിയായ പാലത്തിലൂടെ വാഹനങ്ങൾ കടന്നു പോകാൻ തുടങ്ങി മാസങ്ങൾക്കകം റോഡ് തകർച്ചയും വിള്ളലുകളും രൂപപ്പെട്ടു.ആദ്യ ഘട്ടത്തിലുണ്ടായ തകർച്ചയെ തുടന്ന് ശേഖരിച്ച സാമ്പിൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയച്ച് റിസൾട്ട് കാത്തിരിക്കുകയാണ് അന്വേഷണ സംഘം.