shamzeer
മണ്ഡലപര്യടനത്തിനിടെ അഡ്വ.എ.എൻ.ഷംസീറിന് കൊന്നപ്പൂ ബൊക്ക സമ്മാനിക്കുന്നു.

തലശേരി :എൻ.ഡി.എ.വോട്ടുകൾ എങ്ങോട്ട് പോകുമെന്ന കാര്യത്തിലെ ആശങ്കകളാണ് തലശ്ശേരിയിലെ രാഷ്ട്രീയാന്തരീക്ഷത്തെ പതിവ് വിട്ട് ചൂടുപിടിപ്പിച്ചിരിക്കുന്നത്.ഇരുമുന്നണികളുടെയും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലെല്ലാം ആരോപണ പ്രത്യാരോപണങ്ങളുടെ കുന്തമുനകൾ നീളുകയാണ്. അന്തരീക്ഷത്തിലെ ചൂട് അപ്പാടെ തിരഞ്ഞെടുപ്പ് വേദികളിലും പടരുന്നുണ്ട്.
ചിറമ്മലിലാണ് ഷംസീറിന് ആദ്യസ്വീകരണം. രാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ തടിച്ചുകൂടിയിട്ടുണ്ട്.നമ്മുടെ സ്ഥാനാർത്ഥി അഡ്വ. എ എൻ ഷംസീറിന്റെ പര്യടനം ഇതാ ആരംഭിക്കുകയായി.. അനൗൺസ്‌മെന്റിന് പിറകെ യോഗം ആരംഭിക്കുകയായി. കോൺഗ്രസ്–ബിജെപി അവിശുദ്ധ സഖ്യത്തിനെതിരെ, മതനിരപേക്ഷ ശക്തികളാകെ ഒന്നിച്ച് അണിചേരണമെന്നാണ് നേതാക്കൾ പറയുന്നത്.

കാച്ചുക്കുറുക്കിയാണ് സ്ഥാനാർത്ഥിയുടെ പ്രസംഗം. നാളിതുവരെ മണ്ഡലം കണ്ടിട്ടില്ലാത്ത വികസനത്തിന്റെ പട്ടിക നിരത്തിയാണ് വോട്ടഭ്യർത്ഥന.കൂടി നിന്നവരോടെല്ലാം തൊഴുതും പുഞ്ചിരിച്ചും കൈവീശി അഭിവാദ്യം ചെയ്തുമാണ് ഷംസീറിന്റെ വോട്ടഭ്യർത്ഥന. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും കൊന്ന പൂക്കൾ കൊണ്ടുള്ള ബൊക്കകൾ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കുന്നത്. ഗോപാല പേട്ട കൊക്കപ്പുറത്തെത്തിയപ്പോൾ, ഇരുകാലുകളുമില്ലാത്ത ഒരു മുസ്ലിം വൃദ്ധ ഇരുന്നുകൊണ്ട് സ്ഥാനാർത്ഥിക്ക് പൂച്ചെണ്ട് നൽകിയത് വൈകാരിക അന്തരീക്ഷമുണ്ടാക്കി. ചാലിൽ, ഗോപാല പേട്ട കടലോര മേഖലകളിൽ വൻ ജനക്കൂട്ടം തന്നെ സ്വീകരണയോഗത്തിനുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് അച്ചാരത്ത് മുക്കിലെത്തിയപ്പോൾ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ആലപിക്കുന്ന ബച്ചൻ അഷ് റഫിന്റെ ചെറുസംഗീതവിരുന്ന്.
. കോടിയേരി നോർത്ത്, ന്യൂമാഹി, കോടിയേരി സൗത്ത്, തിരുവങ്ങാട് വെസ്റ്റ്, തലശേരി നോർത്ത് ലോക്കലുകളിലെ 21 കേന്ദ്രത്തിലായിരുന്നു സ്ഥാനാർത്ഥിക്ക് സ്വീകരണം. കോടിയേരി തോട്ടുമ്മലിലായിരുന്നു സമാപനം.

പ്രതീക്ഷാപൂർവം അരവിന്ദാക്ഷൻ

യു .ഡി .എഫ് സ്ഥാനാർത്ഥി എം.പി.അരവിന്ദാക്ഷന്റെ മണ്ഡലതല പര്യടനം മേക്കുന്നിൽ ആരംഭിച്ചത് കെ.പി.സി.സി സെക്രട്ടറി സജീവ് മാറോളിയുടെ ആവേശകരമായ പ്രസംഗത്തോടെയാണ്. അഴിമതി തൊട്ട് രാജ്യദ്രോഹം വരെയുള്ള ആരോപണങ്ങൾ ഭരണപക്ഷത്തിന് നേരെ നിരത്തുകയാണ് സജീവ്. എളിമയോടെയാണ് അരവിന്ദാക്ഷന്റെ വോട്ടഭ്യർത്ഥന. ലാളിത്യത്തോടെയാണ് പെരുമാറ്റം. വോട്ടു നൽകാത്തയാളും സ്ഥാനാർത്ഥിയെ അവഗണിക്കാത്ത തരത്തിലുള്ള പെരുമാറ്റം.

മേനപ്രം പെട്ടിപ്പാലത്തിനടുത്ത് 85 കാരിയായ ലക്ഷ്മി ടീച്ചർ ജനക്കൂട്ടത്തെ വകഞ്ഞ് മാറ്റി സ്ഥാനാർത്ഥിയെ ഷാളണിയിച്ചു. മുസ്ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.കെ മുഹമ്മദിന്റെ മത്തിപ്പറമ്പിലെ വീട്ടിലെത്തി സ്ഥാനാർത്ഥി അനുഗ്രഹം തേടി. പാത്തിക്കലിൽ അഡ്വ.അരുണിന്റെ വീട്ടിൽ നിന്നായിരുന്നു ഉച്ചഭക്ഷണം. ന്യൂമാഹി പഞ്ചായത്തിലെ വേലായുധൻമൊട്ട, പെരിങ്ങാടി പോസ്റ്റ് ഓഫീസ്, മമ്മിമുക്ക്, പരിമഠം എന്നിവിടങ്ങളിലെ സ്വീകരണങ്ങളിലും സ്ഥാനാർത്ഥിയെ കൈയടിയോടെ ജനക്കൂട്ടം വരവേറ്റു. കുറിച്ചിയിലായിരുന്നു സമാപനപൊതുയോഗം.അതിരാവിലെ തലശ്ശേരി മത്സ്യ മാർക്കറ്റിലെത്തി വോട്ടഭ്യർത്ഥിച്ച ശേഷമാണ് മേക്കുന്നിലെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്.