കാസർകോട്: പൊലീസിനു നേരേ വെടിവയ്പ്പും ബിയർകുപ്പിയേറും ഉണ്ടായിട്ടും പിന്തിരിയാതെ കാസർകോട്ടെ പൊലീസ് സംഘം. ഡിവൈ. എസ്.പി പി.പി സദാനന്ദനും സംഘവും ഗുണ്ടകളെയും കുറ്റവാളികളെയും പൂട്ടാനുള്ള ഓപ്പറേഷൻ തുടരുകയാണ്.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷന് പിന്നാലെ കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരേസമയം നടത്തിയ ഓപ്പറേഷനിൽ 13 കുറ്റവാളികളാണ് കുടുങ്ങിയത്. 14 സ്‌ക്വാഡുകൾ ഉണ്ടാക്കി പുലർകാലത്തായിരുന്നു വാറണ്ട് പ്രതികളുടെ വീടുകളിലും താവളങ്ങളിലും റെയ്ഡ്. കുടുങ്ങിയവരിൽ ഗുരുതര കുറ്റം ചെയ്തവരും ചെറിയ വകുപ്പുകൾ ചേർത്തുള്ള കേസുകളിലെ പ്രതികളുമുണ്ട്. കുഡ്ലു റഹ് മത് നഗറിലെ അബ്ദുൽ റസാഖ് (22), എരിയാൽ കുളങ്ങരയിലെ അബ്ദുൽ അമീർ (47), എരിയാൽ ബള്ളീറിലെ അബ്ദുർ റഹ്‌മാൻ (28), മധൂർ കൈലാസപുരത്തെ എൻ. രതീഷ്, മജൽ തൈവളപ്പിലെ ചന്ദ്രഹാസ റൈ (21), ചെങ്കള റഹ്‌മത് നഗറിലെ നൗഷാദ് (38), മൊഗ്രാൽപുത്തൂർ കല്ലങ്കൈ മജലിലെ സതീശൻ (36), എരിയാൽ ബ്ലാർക്കോട്ടെ അഹ്മദ് കബീർ (33), മൊഗ്രാൽ പുത്തൂർ എടച്ചേരിയിലെ അൻസാഫ് (26), മൊഗ്രാൽ പുത്തൂർ ബളളൂരിലെ മുഹമ്മദ് സമീർ (34), കുഡ്ലു ആർ.ഡി നഗറിലെ ആനന്ദ ഷെട്ടി (36), മേൽപ്പറമ്പ് കൈനോത്തെ അബ്ദുൽ ശഫീഖ്, ചൂരിയിലെ സാജിദ് (30) എന്നിവരാണ് പിടിയിലായത്.

അതേസമയം കുമ്പള പൊലീസ് സ്റ്റേഷനിൽ 2006 ൽ രജിസ്റ്റർ ചെയ്ത കളവ് കേസിലെ പ്രതിയായ അബ്ദുൽ ഷുക്കൂർ തളങ്കരയിലാണ് താമസമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ 2018 ജൂലായ് 15 ന് ഇയാൾ മരണപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അബ്ദുൽ ഷുക്കൂറിന്റെ മരണ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി ഒളിവിൽ കഴിയുന്നവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കാൻ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു. കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദന് പുറമെ, കാസർകോട് ഇൻസ്‌പെക്ടർ കെ.വി ബാബു, ക്രൈം സ്‌ക്വാഡ് അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.