കാഞ്ഞങ്ങാട്: വേനൽ കനത്തതോടെ ജില്ലയിൽ പാൽ ഉൽപാദനം കുറഞ്ഞു. ജില്ലയിലെ 139 ക്ഷീര സംഘങ്ങളിലൂടെ മിൽമ മുഖേന ജനുവരിയിൽ പ്രതിദിനം 54,000 ലീറ്റർ പാൽ ആണ് സംഭരിച്ചിരുന്നത്. വിൽപന ചെയ്തത് 44,000 ലിറ്ററും. എന്നാൽ ഇപ്പോൾ സംഭരണം 51,000 ലീറ്റർ ആയി കുറഞ്ഞു. അതേസമയം വിൽപ്പന 48,000 ലീറ്റർ മുതൽ 50,000 ലിറ്റർ വരെയായി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ 52,000 ലിറ്റർ ആയിരുന്നു സംഭരണം. വിൽപന ശരാശരി 44000-45000 ലിറ്റർ. നിലവിൽ ജില്ലയിൽ ആവശ്യത്തിനു പാൽ ലഭിക്കുന്നുണ്ടെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ പിന്നെയും കുറയുമെന്നതാണ് ആശങ്ക. പച്ചപ്പുല്ല് കിട്ടാത്തതും പശുക്കളുടെ പാൽ ഉൽപാദനത്തെ സാരമായി ബാധിക്കുന്നതായി ക്ഷീര കർഷകർ പറയുന്നു. ഇതിനു പരിഹാരമാകണമെങ്കിൽ ഇടമഴ കിട്ടണം. വേനൽ ചൂടിൽ കന്നുകാലികൾ പൊള്ളുകയാണ്. രാപ്പകൽ വ്യത്യാസമില്ലാതെ കനത്ത ചൂടായിട്ടുണ്ട്.
വളർത്തു മൃഗങ്ങൾക്ക് മുൻകരുതൽ
വളർത്തു മൃഗങ്ങളെ രാവിലെ 11 മുതൽ വൈകിട്ട് 5 വരെ വെയിലത്ത് വിടരുത്. സങ്കര ഇനം പശുക്കൾക്ക് ചൂട് പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. തൊഴുത്തിൽ ചൂടിന്റെ വികിരണവും ശ്വാസവും തങ്ങി നിൽക്കുന്നത് ക്ഷീണിപ്പിക്കും. കറവയെ ബാധിക്കും. തൊഴുത്തിൽ നിന്നു മാറ്റാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ വായു സഞ്ചാരം ഉറപ്പാക്കണം, ഡയറി ഫാനുകൾ ഉപയോഗിക്കാം. തൊഴുത്തിന്റെ മേൽക്കൂരയിൽ ഒരു പാളി തുറന്നിടുക, മേൽക്കൂരയുടെ മുകളിൽ വായു സഞ്ചാരത്തിനു ഇടം നൽകി ഓല വിതറുക. രാവിലെയും വൈകിട്ടും കുളിപ്പിക്കാം. ഉഷ്ണകാല മരുന്നുകൾ നൽകുക. വെള്ളം ധാരാളമായി നൽകുക, ശരീരത്തെ തണുപ്പിക്കുന്ന കൊത്തമല്ലി, രാമച്ചം തുടങ്ങിയവ കലർത്തി വെള്ളം നൽകാം. ചാക്കിലോ തുണിയിലോ പഞ്ഞി, അറക്കപ്പൊടി എന്നിവ പൊതിഞ്ഞു നനച്ചു തലയിൽ വയ്ക്കുന്നത് ശരീര താപം കുറയ്ക്കും.
സംഭാരം ഉൾപ്പെടെ ശീതളപാനീയങ്ങൾ
കാലാവസ്ഥ മാറ്റത്തിൽ ശീതള പാനീയ സ്ഥാപനങ്ങളിൽ ഉൾപ്പെടെ പാൽ ഉത്പന്ന ഉപയോഗം വർദ്ധിച്ചു. ചൂടിനെ ചെറുക്കാൻ സംഭാരം ഉൾപ്പെടെ വില്പന പൊടിപൊടിക്കുകയാണ്.